കോടതി ഇടപെടല്‍, ഒഴിവായത് ട്രഷറി പൂട്ടല്‍; ഇനിയുംവേണം കടം, ശേഷിക്കുന്നത് 3 ചൊവ്വാഴ്ചകള്‍

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
Supreme Court | Photo -  PTI
Supreme Court | Photo - PTI

ന്യൂഡല്‍ഹി: കടമെടുപ്പ് വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയില്‍ ആയേനെ. എട്ട് ദിവസം കൂടി മാത്രമേ ട്രഷറി ഓവര്‍ ഡ്രാഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനുശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ പ്രകാരം ഉളള നടപടിക്ക് സര്‍ക്കാര്‍ വിധേയമായേനെ. സുപ്രീം കോടതിയുടെ ഉത്തരവോടെ കേരളത്തിന് വരുന്ന ചൊവ്വാഴ്ച്ച 13608 കോടി രൂപ കടമെടുക്കാന്‍ കഴിയും. ഒരു സാമ്പത്തിക പാദത്തില്‍ പരമാവധി 32 ദിവസം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഓവര്‍ ഡ്രാഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക. അത് കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിന്റെ കടുത്ത നടപടികള്‍ ഉള്‍പ്പടെ ഉണ്ടാകും. ഈ സാമ്പത്തിക പാദത്തില്‍ കേരളം ഇതിനോടകം 24 ദിവസം ഓവര്‍ ഡ്രാഫ്റ്റില്‍ ആണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ സുപ്രീം കോടതിയുടെ അനൂകൂല ഇടപെടല്‍ വൈകിയിരുന്നുവെങ്കില്‍ സംസ്ഥാനം കനത്ത പ്രതിസന്ധിയിലേക്ക് പോകുമായിരുന്നു. എട്ട് ദിവസങ്ങള്‍ക്ക് ശേഷം ട്രഷറി അടച്ച് പൂട്ടുന്നതിന് തുല്യമായ അവസ്ഥയിലേക്ക് പോകുമായിരുന്നു. 

കടം എടുക്കാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ചൊവ്വാഴ്ചകള്‍ 

ചൊവ്വാഴ്ച്ച ദിവസങ്ങളില്‍ മാത്രമാണ് കടം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനി അവശേഷിക്കുന്നത്  മൂന്ന് ചൊവ്വാഴ്ചകള്‍ മാത്രം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ 13608 കോടി രൂപ വരുന്ന ചൊവ്വാഴ്ച്ച തന്നെ കേരളം കടമെടുക്കും. അധിക കടം എടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ അടുത്ത മൂന്ന് ചൊവ്വാഴ്ച്ചകളില്‍ പണം കണ്ടെത്താന്‍ ആകും കേരളം ശ്രമിക്കുക.

24434 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേരളം, 13608 മാത്രമെന്ന് കേന്ദ്രം

 ഈ സാമ്പത്തിക വര്‍ഷം ഇനി 24434 കോടി രൂപ കൂടി കടമെടുക്കാന്‍ അവകാശം ഉണ്ടെന്നാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ജിഡിപിയുടെ 3.5 ശതമാനവും, മുന്‍ വര്‍ഷങ്ങളില്‍ കടം എടുക്കാന്‍ ബാക്കിയുള്ള തുകയും ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ ഈ അവകാശം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. 1877.57 കോടി രൂപ മാത്രമാണ് മുന്‍ വര്‍ഷത്തങ്ങളിലെ കടം എടുക്കാന്‍ ബാക്കിയുള്ള തുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതിന് പുറമെ ഊര്‍ജ്ജ മേഖലയിലെ പരിഷ്‌ക്കാരങ്ങള്‍ക്ക് 4864 കോടിയും, പുനര്‍വായ്പ ഇനത്തില്‍ 2543 കോടി രൂപയും കടമെടുക്കാന്‍ കേരളത്തിന് അധികാരം ഉണ്ട്. പൊതു അകൗണ്ടിലെ നിക്ഷേപ വ്യത്യാസവും ആയി ബന്ധപ്പെട്ട ഇനത്തില്‍ 4823 കോടി കടമെടുക്കാന്‍ കേരളത്തിന് അവകാശം ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

അതേ സമയം ഈ തുകയ്ക്ക് പുറമേ 24434 കോടി രൂപ അധികമായി എടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിലാണ് കേന്ദ്രവും കേരളവും തമ്മില്‍ സെക്രട്ടറിതല ചര്‍ച്ച നടക്കുന്നത്. 

കുടിശിക ഉള്‍പ്പടെ നല്‍കാന്‍ വേണ്ടത് 26226.32 കോടി

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ജീവനക്കാര്‍ക്ക് കുടിശിക നല്‍കുന്നതിനും, വിവിധ സബ്സിഡികള്‍ക്കും ആയി വേണ്ടത് 26226.32 കോടി. കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കണക്കുകള്‍ ഇങ്ങനെ,

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമ ബത്ത കുടിശിക നല്‍കുന്നതിന് - 7973. 5 കോടി 
സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട ക്ഷാമ ബത്ത കുടിശിക നല്‍കുന്നതിന് - 4722.63 കോടി 
ശമ്പള പരിഷ്‌കരണ കുടിശിക നല്‍കുന്നതിന് - 4000.00 കോടി 
പെന്‍ഷന്‍ കാര്‍ക്ക് നല്‍കേണ്ട പരിഷ്‌കരണ കുടിശിക - 2790.00 കോടി 
 പോസ്റ്റ് മെട്രിക് സ്‌കോളര്ഷിപ്പുകള്‍ക്ക് - 920.00 കോടി 
ആരോഗ്യ സുരക്ഷ പെന്‍ഷന്‍ - 732.00 കോടി 
കേന്ദ്ര പദ്ധതികള്‍ക്ക് ഉള്ള സംസ്ഥാന വിഹിതം - 470.00 കോടി 
അയ്യന്‍കാളി നഗര തൊഴില്‍ ഉറപ്പ് പദ്ധതി - 97.30 കോടി 
നെല്ല് സംഭരണം - 673 കോടി 
2022 - 23 ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടത് - 1276.00 കോടി 
2023  24  ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടത് - 531.56  കോടി
ജനകീയ കോടതികള്‍ക്ക് നല്‍കേണ്ട സബ്സിഡി - 40 കോടി 
ട്രഷറി ബില്ലുകള്‍ - 2000.00 കോടി 

കെ എം ഏബ്രഹാമിന്റെ കണക്കുകള്‍, കത്തിക്കയറി കപില്‍ സിബല്‍ 

കടപരിധി കേസില്‍ സുപ്രധാനമായ വാദം കേള്‍ക്കല്‍ നടന്ന സുപ്രീം കോടതിയുടെ നാലാം നമ്പര്‍ കോടതി മുറിയില്‍ ഇന്ന് നിറഞ്ഞ് നിന്നത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം. വാദം കേള്‍ക്കലിന്റെ ആദ്യ അവസാനം കേരളത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിന് കണക്കുകള്‍ ഉള്‍പ്പടെ എബ്രഹാം ബ്രീഫ് ചെയ്യുന്നത് കാണാമായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റിനെ സംബന്ധിച്ച് കേന്ദ്രം ആരോപണം ഉന്നയിക്കുമ്പോഴും സിബലിനെ ബ്രീഫ് ചെയ്യാന്‍ എബ്രഹാം പിന്നില്‍ നിന്ന് മുന്നിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് സിബല്‍ കത്തിക്കയറുന്നതും കാണാമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ വെങ്കിട്ട രാമന്‍ എന്നിവരാണ് ഹാജരായത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഡ്വക്കേറ്റ് ജനറല്‍  കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി, സീനിയര്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ വി. മനു  എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

Content Highlights: Supreme Court's intervention on the issue of borrowing and the functioning of the state treasury