വഖഫ് ബില്ലിലെ സുപ്രീംകോടതി നടപടി പ്രതീക്ഷനൽകുന്നു, ജനാധിപത്യ പോരാട്ടങ്ങൾക്ക് കരുത്തുപകരും- കാന്തപുരം

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ | ഫയല്‍ചിത്രം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/ മാതൃഭൂമി
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ | ഫയല്‍ചിത്രം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി/ മാതൃഭൂമി

കോഴിക്കോട്: വഖഫ് നിയമഭേദഗതി ബിൽ ഭാഗികമായി സ്റ്റേചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് നിയമത്തിലെ പരിധിവിട്ട കൈകടത്തലുകൾ മതം അനുഷ്ഠിക്കാൻ പൗരർക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്രത്തെയാണ് ആത്യന്തികമായി ഹനിക്കുന്നത്. ഇത് ഈ രാജ്യത്തെ പൗരാവകാശത്തെയും സഹിഷ്ണുതയേയും തന്നെയായിരുന്നു ചോദ്യം ചെയ്തിരുന്നത്. സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നു. ഈ വിഷയത്തിൽ ജനാധിപത്യപരവും സമാധാനപൂർണവുമായ, പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തുനിന്ന് ഇനിയും ഉണ്ടാവണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു.

Content Highlights: Supreme Court's Waqf Act Stay Offers Hope, Says Indian Grand Mufti