'മനുഷ്യരല്ലെ, അവർക്കായി അന്ത്യ കർമ്മങ്ങൾ ചെയ്യാനും ആരെങ്കിലും വേണ്ടെ'; ആരോരുമില്ലാത്തവർക്കായൊരു മകൻ

കോഴിക്കോട്: ചിതയിൽ മൃതദേഹം ദഹിപ്പിച്ച ശേഷം ശേഷിക്കുന്ന അസ്ഥിയും ചാരവും ശേഖരിച്ച് പുണ്യനദികളിലോ കടലിലോ ഒഴുക്കുന്നതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. എന്നാൽ, ചിതയിൽ എരിഞ്ഞടങ്ങിയ അനാഥർക്കും അവകാശികൾ ഇല്ലാത്തവർക്കുംവേണ്ടി ഈ കർമ്മങ്ങൾ ആര് ചെയ്യും എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിന്റെ നടത്തിപ്പുകാരായ കെ.വി.സുനിൽകുമാറും സഹോദരൻ അനിൽകുമാറും.
അസ്ഥികൾ വേണ്ടെന്ന് ബന്ധുക്കൾ എഴുതിക്കൊടുന്നവരുടെയും ആരോരുമില്ലാത്തവരുടെയും അസ്ഥികൾ കൊണ്ടുപോകാൻ ആരും വരാറില്ല. കുടങ്ങളിൽ മാറ്റിവെക്കുന്ന ഈ അസ്ഥികൾ, മക്കളുടെ സ്ഥാനത്തുനിന്ന് അന്ത്യകർമ്മങ്ങൾ ചെയ്ത് കടലിൽ ഒഴുക്കുകയാണ് ഈ സഹോദരങ്ങൾ. കർക്കിടക വാവ് ബലിയുടെ ഭാഗമായി എല്ലാവർഷവും മുടങ്ങാതെ വരക്കൽ കടപ്പുറത്തെത്തിയാണ് കർമ്മങ്ങൾ ചെയ്യുന്നുന്നത്. ആർക്കും വേണ്ടാത്തവർക്ക് അന്ത്യകർമ്മങ്ങൾ ചെയ്യാൻ ആരെങ്കിലുമൊക്കെ വേണ്ടേ എന്നാണ് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചാൽ സുനിൽകുമാറിന്റെ മറുപടി.
'അനാഥമന്ദിരങ്ങളിൽ മക്കൾ ഏറ്റുവാങ്ങിയ മൃതശരീരങ്ങൾ ചിതയിൽ ദഹിപ്പിച്ചുകഴിഞ്ഞാൽ അസ്ഥികൾ അവർക്ക് വേണ്ടെന്നുപറയും. കൂടാതെ, അനാഥരായി മരിക്കുന്നവരുടെ അസ്ഥികൾ എടുക്കാനും ആരും വരില്ലല്ലോ. ഈ അസ്ഥികളെല്ലാം പ്രത്യേകം കുടങ്ങളിലാക്കി സൂക്ഷിക്കും. കർക്കിടക വാവ് ബലിയുടെ ഭാഗമായി അസ്ഥികൾ കർമ്മങ്ങൾ ചെയ്ത് കടലിൽ ഒഴുക്കും.
ആരുമില്ലാത്തവർക്കായി മക്കളുടെ സ്ഥാനത്തുനിന്ന് കർമ്മങ്ങൾ ചെയ്യുന്നത് മനസിനൊരു തൃപ്തിയാണ്. സാധാരണയുള്ള എല്ലാ ചടങ്ങുകളും ചെയ്തിട്ടാണ് വരക്കൽ കടപ്പുറത്ത് കർമ്മങ്ങൾ ചെയ്യാറ്. ആദ്യം അസ്ഥികൾ വെള്ളത്തിൽ കഴുകും. പിന്നീട് എണ്ണ, താളിപ്പൊടി, നല്ലെണ്ണ, പാൽ, പനിനീർ എന്നിവകൊണ്ടും അസ്ഥികൾ കഴുകി ശുദ്ധിയാക്കും. തുടർന്ന് പട്ടുകൊണ്ട് കുടങ്ങൾ മൂടിയശേഷമാണ് കടലിൽ ഒഴുക്കുക. ഓരോ വർഷവും ഏകദേശം അൻപതോളം പേർക്കായി കർമ്മങ്ങൾ ചെയ്യാറുണ്ട്.
'ഒരിക്കൽപോലും കണ്ടിട്ടില്ലെങ്കിലും, അച്ഛനായാലും അമ്മയായാലും സഹോദരനായാലും സഹോദരിയായാലും അവരെല്ലാം മനുഷ്യരല്ലേ. കണ്ടോ ഇല്ലയോ അതൊന്നുമല്ല പ്രശ്നം. ആരുമില്ലെങ്കിലും അവർക്കായി ആരെങ്കിലുമൊക്കെ വേണ്ടെ. മത്സ്യവും മാംസവും ഒഴിവാക്കി മൂന്നുദിവസത്തെ വൃതശുദ്ധിയോടെയാണ് അന്ത്യകർമ്മങ്ങൾ ചെയ്യാറ്'- സുനിൽ പറയുന്നു.
Content Highlights: Sunil Kumar and his brother Anil Kumar perform last rites for unclaimed bodies and destitute people in Kozhikode., They collect the ashes in pots and perform the sacred immersion rituals every year during Karkidaka Vavu Bali at Varakkal Beach., They observe a strict three-day fast and perform all traditional cleansing rituals out of sheer humanity.