വേനൽമഴയും ഇടിമിന്നലും, വേണം കരുതൽ; ജീവഹാനിയും നാശനഷ്ടങ്ങളും ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കാസര്‍കോട് : മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍മഴയും ഇടിമിന്നലും കാറ്റും കൂടുതലാണ്. ഇടിമിന്നല്‍ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവഹാനിക്കും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുതചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും നാശത്തിനും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ മിന്നലിനെതിരേ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പും ദുരന്തനിരാവരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയംമുതല്‍തന്നെ മുന്‍കരുതലെടുക്കണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഉപേക്ഷ പാടില്ല. ഇടിമിന്നല്‍ സാധ്യത മനസ്സിലാക്കാന്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് തയ്യാറാക്കിയിട്ടുള്ള 'ദാമിനി (damini)' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

പ്രഥമശുശ്രൂഷ നല്‍കാന്‍മടിക്കരുത്

മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതപ്രവാഹമുണ്ടാകില്ല. അതിനാല്‍ പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. ഉടന്‍ വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത കൂട്ടും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കുക.

വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നതുവരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.

തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കുക.

കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

ജലാശയത്തില്‍ മീന്‍പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തിവെച്ച് അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം.

പട്ടം പറത്തുന്നത് ഒഴിവാക്കുക.

ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴമേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.

അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവെച്ച് തല, കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍രക്ഷാചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.

Content Highlights: Stay safe during summer thunderstorms, Learn essential safety tips to protect yourself and property