സ്റ്റേഷനിലെ ഹാൻസ് മോഷണം; പോലീസുകാരൻ ഒളിവിൽപ്പോയി, കടത്തിയ ഹാൻസ് ആർക്ക് കൈമാറി?

#ന്യൂസ് ഡെസ്ക്

സുൽത്താൻബത്തേരി: തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് ബത്തേരി സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ പ്രതി പോലീസുകാരൻ തന്നെയെന്നു കണ്ടെത്തി. സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഗ്രേഡ് ടി. സബിത്തിനെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇയാളെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം. അബ്ദുൾ കരീം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തത്.

ജൂൺ 26-ന് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽനിന്നാണ് ബത്തേരി പോലീസ് നിരോധിത പുകയില ഉത്പന്നമായ ഏഴുചാക്ക് ഹാൻസ് പിടികൂടിയത്. സുൽത്താൻബത്തേരി കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതൽ സൂക്ഷിക്കാനായി കോടതി പോലീസിനെ ഏൽപ്പിച്ചു.

ഇത് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയും ചെയ്തു. സെപ്റ്റംബർ 10-നാണ് തൊണ്ടിമുതൽ മോഷണംപോയ വിവരം പുറത്തറിയുന്നത്. താക്കോൽ ഉപയോഗിച്ച് മുറി തുറന്നാണ് മോഷണം നടത്തിയതെന്ന് തുടക്കത്തിലേ ബോധ്യപ്പെട്ടിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി സബിത്താണെന്ന് സ്ഥിരീകരിച്ചത്.

ഫൊറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്റ്റേഷനിലുണ്ടായിരുന്ന മുഴുവൻ പോലീസുകാരെയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

ജൂലായ് 19-ന് പുലർച്ചെ ഒരുമണിക്കുശേഷമാണ് ഹാൻസ് കടത്തിയതെന്നാണ് കണ്ടെത്തിയത്. സ്റ്റോർ റൂം തുറന്ന് സബിത്ത് കാറിൽ ഹാൻസ് കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യമാണ് സി.സി.ടി.വി. പരിശോധിച്ചപ്പോൾ ലഭിച്ചത്.

ജൂലായ് 18-ന് രാത്രിമുതൽ സബിത്തിനായിരുന്നു സ്റ്റേഷന്റെ ജി.ഡി. ചുമതല. ഓഗസ്റ്റ് 22 മുതൽ സബിത്ത് മെഡിക്കൽ അവധിയിലായിരുന്നു. മോഷണവിവരം പുറത്തറിഞ്ഞതോടെ സബിത്ത് ഒളിവിൽപ്പോയി.

കടത്തിയ ഹാൻസ് ആർക്ക് കൈമാറി?

പ്രധാന ഉദ്യോഗസ്ഥർ പോയിക്കഴിഞ്ഞാൽ പിന്നെ സ്റ്റേഷന്റെ ചുമതല ജനറൽ ഡ്യൂട്ടി (ജി.ഡി.) ചാർജുള്ള പോലീസുദ്യോഗസ്ഥനാണ്. പാറാവുകാരനും രാത്രി ഡ്യൂട്ടിയിലുള്ള പോലീസുകാരുമാണ് പിന്നീട് ഉണ്ടാവുക. സ്റ്റേഷൻ കവാടത്തിന്റെ ഇടതുഭാഗത്തായാണ് ജി.ഡി. ഉദ്യോഗസ്ഥനിരിക്കുന്ന സ്ഥലം. അവിടെനിന്ന് കുറച്ചുകൂടെ ഉള്ളിലേക്ക് മാറിയാണ് മറ്റൊരു കെട്ടിടത്തിൽ സ്റ്റോർ റൂമുള്ളത്. സ്റ്റോർ റൂമിന് സമീപത്തായി പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ നിർത്തിയിടുകയും കഴുകുകയും ചെയ്യാറുണ്ട്. ജൂലായ് 19-ന് പുലർച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നൈറ്റ് പെട്രോളിങ്ങിനു പോയ സമയത്താവാം സബിത്ത് ഹാൻസ് കടത്തിയതെന്നാണ് നിഗമനം. കടത്തിയ ഹാൻസ് ആർക്ക് കൈമാറി, ലഹരിമാഫിയയുമായി സബീത്തിന് ബന്ധമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇത്തരം കേസുകളിൽ തൊണ്ടിമുതൽ കോടതിയിൽ ഹാജരാക്കി പിഴയടച്ചുകഴിഞ്ഞാൽ മൂന്നുമാസംവരെ മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയമുണ്ട്. അതുകഴിഞ്ഞാൽ തൊണ്ടിമുതൽ കത്തിച്ചോ അല്ലാതെയോ നശിപ്പിക്കുകയാണ് കോടതി പോലീസിന് നിർദേശം നൽകുക. ഇങ്ങനെ ഉത്തരവിടുന്ന സമയത്ത് തൊണ്ടിമുതൽ സ്റ്റോറിൽനിന്നെ എടുക്കുമ്പോൾ ഇവയുടെ കണക്ക് കാര്യമായി നോക്കാറുണ്ടായിരുന്നില്ല. ഇതും അങ്ങനെ ചെയ്യുമെന്നാവും പ്രതി കരുതിയിട്ടുണ്ടാവുകയെന്നാണ് സൂചന.

Content Highlights: Senior civil police officer T. Sabith suspended for stealing 7 sacks of banned tobacco (Hans)., The theft occurred from the Sulthan Bathery police station store room., CCTV footage confirmed the accused loaded the items into a car on July 19., Police are investigating potential links between the accused officer and local contraband mafias.