രേഷ്മയുടെ ആത്മഹത്യ: പണമിടപാടുകാരിൽ ഒരാളുടെ മൊഴിയെടുത്തു

സുൽത്താൻബത്തേരി: ഇസ്രയേലിൽ മരിച്ച ബത്തേരി കോളിയാടി സ്വദേശി പെലക്കുത്ത് ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പണമിടപാടുകാരിൽ ഒരാളായ പഴുപ്പത്തൂർ സ്വദേശിയുടെ മൊഴിയെടുത്തു. നിലവിൽ ആത്മഹത്യക്ക് എടുത്തിട്ടുള്ള കേസിൽ രേഷ്മയുടെ അമ്മയുടെ പരാതികൂടി ചേർത്താണ് അന്വേഷിക്കുക. ആത്മഹത്യയിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചാണ് അമ്മ പരാതിനൽകിയത്.
കേസന്വേഷിക്കുന്ന നൂൽപ്പുഴ എസ്ഐയുടെ നേതൃത്വത്തിലാണ് പണമിടപാടുകാരിലൊരാളുടെ മൊഴിയെടുത്തത്. ഇയാളുടെ സഹോദരനാണ് ജിനേഷിന് പണം നൽകിയതെന്നും അത് തിരിച്ചുകിട്ടാത്തതിനാൽ ബത്തേരി കോടതിയിൽ കേസ് കൊടുത്തിട്ടുള്ളത് അറിയാമെന്നുമാണ് ഇയാൾ മൊഴിനൽകിയിരിക്കുന്നത്. സഹോദരൻ സ്ഥലത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം പണമിടപാടുകാരോട് സ്‌റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ മൊഴിയെടുത്തശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസ്ഐ പറഞ്ഞു. രേഷ്മയുടെ മരണകാരണം വിഷം കഴിച്ചതിനെത്തുടർന്നാണെന്ന് ബോധ്യമായിട്ടുണ്ട്. എന്നാൽ, അതിലേക്ക് എത്തിച്ച സാധ്യതകളും നിലവിൽ ആരോപണവിധേയരായവരുടെ പങ്കാളിത്തം എത്രമാത്രം സംഭവത്തിനു പിന്നിലുണ്ടായെന്നതും പരിശോധിക്കുമെന്ന് എസ്ഐ പറഞ്ഞു.
അതേസമയം ജിനേഷ് മരിച്ചശേഷം പണം തിരികെക്കിട്ടില്ലെന്നു വന്നപ്പോളാണ് വീട് അറ്റാച്ച്‌മെന്റിന് പണമിടപാടുകാരൻ സിവിൽ കോടതിയിൽ കേസുകൊടുത്തതെന്നാണ് വിവരം. ഇതേത്തുടർന്ന് രേഷ്മ ബത്തേരി പോലീസിൽ തന്നെയും ഭർത്താവിനെയും സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതിനൽകിയിരുന്നു. ഈ പരാതിയിൽ ഇരുകൂട്ടരെയും പോലീസ് വിളിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് സംസാരങ്ങളോ ഭീഷണികളോ ഉണ്ടാകരുതെന്ന് താക്കീത് ചെയ്ത് പ്രശ്‌നം ഒത്തുതീർപ്പാക്കിയിരുന്നെന്നുമാണ് പോലീസ് പറയുന്നത്.
ജിനേഷിന്റെ ബാധ്യതകൾസംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് സൂചന. ഇരുവരുംതന്നെ ഇടപാടുകൾ കൈകാര്യം ചെയ്യുകയായിരുന്നു. ബാധ്യതകളെസംബന്ധിച്ച് കുടുംബത്തിനും കൃത്യമായ ധാരണയില്ലാത്ത സ്ഥിതിയുണ്ട്.
പഴുപ്പത്തൂർ സ്വദേശികളിൽനിന്ന് 20 ലക്ഷം രൂപ പലിശയ്ക്ക് ജിനേഷ് വാങ്ങിയിരുന്നതായും പകരം നൽകിയ ചെക്കുകളും മുദ്രപത്രങ്ങളും ഉപയോഗിച്ച് പണമിടപാടുകാർ വീട് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് രേഷ്മയുടെ അമ്മ പോലീസിൽ പരാതിനൽകിയത്.
Content Highlights: Sultan Bathery Woman's Suicide: Investigation into Financial Dealings and Allegations of 'Blade Mafia' Involvement