കള്ളന് പിടിവീണു, മന്ത്രി സമ്മാനിച്ച സൈക്കിൾ അവന്തികയ്ക്ക് തിരിച്ചുകിട്ടി

കൊച്ചി: ’രണ്ടാമതും സൈക്കിൾ മോഷണം പോയതോടെ ശരിക്കും വിഷമമായി, എന്നെ ടാർഗറ്റ് ചെയ്യുന്നതുപോലെ തോന്നി. സൈക്കിൾ സ്റ്റേഷനിലുണ്ട് എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്’. മന്ത്രി അപ്പൂപ്പൻ സമ്മാനിച്ച സൈക്കിളിനായി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ കാത്തുനിൽക്കുന്നതിനിടെ അവന്തിക പറഞ്ഞു. ഒടുവിൽ സ്റ്റേഷന് പുറത്ത് സൈക്കിൾ വീണ്ടും കണ്ടതോടെ അവന്തികയുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി.
സ്‌കൂൾ പ്രവേശനോത്സവത്തിന് തലേന്ന്, ജൂൺ രണ്ടിന് എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് മന്ത്രി വി. ശിവൻകുട്ടി ഇപ്പോൾ പ്ളസ് വണ്ണിന് ചേർന്ന അവന്തികയ്ക്ക് പുത്തൻ സൈക്കിൾ സമ്മാനിച്ചത്. പത്താം ക്ലാസിലെ ഫുൾ എ പ്ലസ് വിജയത്തേക്കാൾ സന്തോഷത്തോടെയായിരുന്നു അവന്തിക സമ്മാനം ഏറ്റുവാങ്ങിയത്.
കാരണം മേയ് 21-ന് വട്ടത്തിപ്പാടത്തെ വാടകവീട്ടിൽ നിന്ന് അവന്തികയുടെ സൈക്കിൾ മോഷണം പോയിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയ അവന്തിക മന്ത്രി ശിവൻകുട്ടിക്കും ഇക്കാര്യം വിശദീകരിച്ച് മെയിലച്ചു.
പുത്തൻ സൈക്കിൾ തന്നെ കൈമാറിയാണ് മന്ത്രി അവന്തികയുടെ സങ്കടമൊപ്പിയത്. എന്നാൽ മന്ത്രി സമ്മാനിച്ച സൈക്കിളും വെള്ളിയാഴ്ച പുലർച്ചെ കളവ് പോയി. പാലാരിവട്ടം സ്റ്റേഷനിൽ തന്നെ വീണ്ടും പരാതിയെത്തി. ഇക്കുറി സൈക്കിൾ കള്ളൻ വേഗത്തിൽ പിടിയിലായി. ആലപ്പുഴ ആറാട്ടുകടവ് തൈപ്പറമ്പിൽ ഷാജി (56) ആണ് അവന്തികയുടെ സൈക്കിളുമായി കടന്നുകളഞ്ഞത്.
ഉപേക്ഷിച്ച സൈക്കിളിൽ കള്ളൻ പെട്ടു
വ്യാഴാഴ്ച രാത്രി സിറ്റൗട്ടിൽ അച്ഛൻ ഗിരീഷിന്റെ സഹായത്തോടെ അവന്തിക ഭദ്രമായി പൂട്ടിവെച്ച സൈക്കിളാണ് ഷാജി മോഷ്ടിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് തൊപ്പി ധരിച്ച് ചെറിയ മുടന്തുള്ള ഒരാൾ പുലർച്ചെ 4.30 ഓടെ അവന്തികയുടേത് അടക്കം രണ്ട് സൈക്കിളുമായി പോകുന്നത് കണ്ടു. പിന്നീട് അവന്തികയുടെ വീടിന് സമീപത്ത് മറ്റൊരു സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.
ഇത് പ്രതി മോഷണത്തിനായി എത്തിയ സൈക്കിളാകാനുള്ള സാധ്യത മുൻകൂട്ടികണ്ട് പോലീസ് പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. അവന്തികയുടെ സൈക്കിൾ പൊന്നുരുന്നി സ്വദേശിക്ക് വിറ്റശേഷം ശനിയാഴ്ച രാവിലെ, ഉപേക്ഷിച്ച സൈക്കിളിനായി ഷാജി വീണ്ടുമെത്തി. ജാഗരൂകരായിരുന്ന നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏല്പിച്ചു.
ഷാജി വിറ്റയാളിൽ നിന്നും മോഷണംപോയ സൈക്കിൾ വീണ്ടെടുത്തു. പാലാരിവട്ടം എസ്.ഐ. ആൽബി എസ്. പുത്തുക്കാട്ടിൽ സൈക്കിളിനൊപ്പം മധുരവും കൈമാറിയാണ് അവന്തികയെ യാത്രയാക്കിയത്. അമ്മ നിഷ ഗിരീഷും സഹോദരൻ അവനീഷും അവന്തികയ്ക്ക് ഒപ്പമുണ്ടായിരുന്നു.
Content Highlights: stolen bicycle gifted by the minister was recovered