പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു

കരിയാട്: പറമ്പില്‍നിന്ന് കിട്ടിയ സ്റ്റീല്‍പാത്രങ്ങള്‍ സ്റ്റീല്‍ബോംബുകളാണെന്നറിയാതെ പുഴയിലെറിഞ്ഞപ്പോള്‍ വന്‍സ്‌ഫോടനം. ഇത് നാട്ടുകാരില്‍ ഭീതി പരത്തി.
ശനിയാഴ്ച വൈകീട്ട് കാഞ്ഞിരക്കടവ് പുഴയോരത്താണ് സംഭവം. പാനൂര്‍ നഗരസഭാപരിധിയില്‍ പടന്നക്കരയിലെ കൊളങ്ങരക്കണ്ടി പദ്മനാഭന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് രണ്ട് സ്റ്റീല്‍പാത്രങ്ങള്‍ കിട്ടിയത്. വീട്ടുകാര്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതിനാല്‍ ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.കൂടോത്രം ചെയ്ത വസ്തുക്കളായിരിക്കുമെന്ന് കരുതി ഇവ പുഴയിലുപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ സ്വന്തം കാറില്‍ ഇതെടുത്ത് വീട്ടുകാര്‍ കാഞ്ഞിരക്കടവ് പാലത്തിലേക്ക് കൊണ്ടുപോയി പുഴയിലെറിഞ്ഞു. അപ്പോഴാണ് ഉഗ്രസ്‌ഫോടനമുണ്ടായത്.
ശബ്ദം കേട്ട നാട്ടുകാര്‍ കൂട്ടത്തോടെ പുഴയോരത്തേക്കെത്തി. വീട്ടുകാര്‍ പരിഭ്രാന്തിയിലായി. സംഭവമറിഞ്ഞ് ചൊക്ലി പോലീസ് സ്ഥലത്തെത്തി.
സമഗ്രാന്വേഷണം നടത്തണം
പടന്നക്കരയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കണമെന്ന് സി.പി.എം. കരിയാട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും പടന്നക്കര വാര്‍ഡ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
Content Highlights: Steel bomb blast in Panoor Kannur
Content Highlights: