കണ്ണൂരിൽ മരിച്ച ബാർബർ തൊഴിലാളിക്ക് മർദനമേറ്റത് ഫേഷ്യൽചെയ്ത കൂലിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ

ശ്രീകണ്ഠപുരം(കണ്ണൂർ): കഴിഞ്ഞദിവസം ശ്രീകണ്ഠപുരത്ത് മരിച്ച ബാർബർ തൊഴിലാളി ഉത്തർപ്രദേശ് സ്വദേശി നയിം സൽമാനി(49)യെ ഒരുസംഘം മർദിച്ചത് ഫേഷ്യൽചെയ്ത കൂലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്ന് പോലീസ്. വ്യാഴാഴ്ച രാത്രി ഫേഷ്യൽചെയ്യാൻ 300 രൂപയാണ് നയിം ആവശ്യപ്പെട്ടത്. എന്നാൽ ഫേഷ്യൽ ചെയ്തയാൾ 250 രൂപയേ നൽകിയുള്ളൂ. ഇത് ചോദ്യംചെയ്തതിന്റെ വിരോധത്തിൽ സംഘമായെത്തി കടയിൽവെച്ചും പിന്നീട് താമസസ്ഥലത്തെത്തിയും നയിമിനെ ആക്രമിച്ചുവെന്നാണ് കടയുടമയുടെ പരാതിയിലുള്ളത്.
വെള്ളിയാഴ്ച രാവിലെയാണ് നയിമിനെ ശ്രീകണ്ഠപുരം പള്ളി ഗ്രൗണ്ടിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണം. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും പറയുന്നു. മൃതദേഹം ഉത്തർപ്രദേശിലേക്ക് കൊണ്ടുപോയി.
ഒരുസംഘം നയിമിനെ മർദിച്ചതായി കാണിച്ച് കടയുടമ ജോണിയാണ് പോലീസിൽ പരാതി നൽകിയത്. കടയുടമയുടെ ബൈക്ക് സംഘം തകർത്തതായും പരാതിയിലുണ്ട്. ശ്രീകണ്ഠപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Content Highlights: Barber Naim Salmani (49) from UP died in Sreekantapuram after a dispute over facial payment escalated to a brutal beating. Police are investigating. Read details.