സ്പ്രിങ്ക്ളര്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് കൈമാറിയേക്കും

ചെന്നൈ: സ്പ്രിങ്ക്ളര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചേക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ പത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ രണ്ടാഴ്ച കൂടി വേണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടതായാണ് വിവരം. റിപ്പോര്‍ട്ട് പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കമ്മീഷന് വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കോവിഡ് 19 സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങളാണ് സ്പ്രിങ്ക്ളര്‍ ഇടപാടിന് തിടുക്കത്തില്‍ രൂപം നല്കാന് പ്രേരിപ്പിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സ്പ്രിങ്ക്ളറുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും സ്പ്രിങ്ക്ളറിന്റെ പ്ലാറ്റ്്ഫോം ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ അവകാശവാദം അര്ത്ഥരഹിതമായിരിക്കുയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് എന്തെങ്കിലും പറയാന്‍ കമ്മീഷന് ചെയര്‍മാനും മുന്‍ കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായ എം. മാധവന് നമ്പ്യാര്‍ വിസമ്മതിച്ചു. ''റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടേണ്ടത് സര്‍ക്കാരാണ്.'' മാധവന് നമ്പ്യാര്‍ പറഞ്ഞു.
കോവിഡ് 19 വിവര ശേഖരണത്തിനും വിശകലനത്തിനുമായി 2020 മാര്‍ച്ച് 25-നാണ് കേരള സര്‍ക്കാര്‍ സ്പ്രിങ്ക്ളറുമായി കരാറിലേര്‍പ്പെട്ടത്. കരാര്‍ വിവാദമായതോടെ ഇക്കഴിഞ്ഞ ഏപ്രില്‍ 22-നാണ് കേരള സര്‍ക്കാര്‍ രണ്ടംഗ അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്. മുന്‍ കേരള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിലവില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവുമായ രാജീവ് സദാനന്ദനായിരുന്നു സമിതിയിലുള്ള രണ്ടാമന്. എന്നാല്‍ രാജീവിനെ കോവിഡ് 19 വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനായി നിയമിച്ചതോടെ രാജീവിന് പകരം സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഗുല്‍ഷന്‍ റായ് സമതി അംഗമായി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി പിന്നീട് സര്‍ക്കാര്‍ ഒക്ടോബര്‍ പത്ത് വരെ നീട്ടിക്കൊടുത്തു.
നാലു കാര്യങ്ങളാണ് സര്‍ക്കാര്‍ അന്വേഷണ സമിതിക്ക് വിട്ടത്. കൊവിഡ് 19 ബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം സ്പ്രിങ്ക്ളറുമായുള്ള കരാറില്‍ ഉറപ്പാക്കിയിട്ടുണ്ടോ എന്നതാണ് ആദ്യത്തേത്. സ്പ്രിങ്ക്ളറുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതാണ് സമിതി അന്വേഷിക്കുന്ന രണ്ടാമത്തെ കാര്യം. എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കൊവിഡ് 19 ഉയര്‍ത്തുന്ന അസാധാരണ സാഹചര്യം അവ അനിവാര്യമാക്കിയിരുന്നോ എന്നതാണ് സമിതിയുടെ അന്വേഷണപരിധിയിലുള്ള മൂന്നാമത്തെ കാര്യം. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പ്രിങ്ക്ളറുമായുണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറിന് രൂപം നല്‍കിയതെന്നും വ്യക്തികളുടെ സ്വകാര്യത സ്പ്രിങ്ക്ളര്‍ ലംഘിക്കുകയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കേരള സര്‍ക്കാരിനെതിരെ ഈ വിഷയത്തില്‍ രംഗത്തു വന്നത്.
Content Highlights: Sprinklr inquiry report likely to submit to government within days
Content Highlights: