സ്പ്രിംക്ലര്‍ ഇടപാട്: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം കോടതി അംഗീകരിച്ചു- ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങളും കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് അനുകൂലമായി ഒരു വരിയും വിധിന്യായത്തിലില്ലെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്പ്രിംക്ലറിന് ഡാറ്റ കൈമാറി എന്ന കാര്യം സര്‍ക്കാരിന് കോടതിയില്‍ സമ്മതിക്കേണ്ടിവന്നു. സംസ്ഥാനസര്‍ക്കാരിന്റെ നടപടികളെ ശക്തമായി വിമര്‍ശിക്കുന്നതാണ് ഹൈക്കോടതിയുടെ പരമാര്‍ശങ്ങളും വിധിന്യായത്തിലുള്ള വസ്തുതകളും. ഇടക്കാല വിധിയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മൂന്ന് ആഴ്ചകള്‍ക്കു ശേഷം വിശദമായ വാദം കേട്ട് അന്തിമ വിധി പറയുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ കൊടുത്ത് ഈ കേസ് വാദിക്കാന്‍ മുംബൈയില്‍നിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
80 ലക്ഷത്തോളം പേര്‍ക്ക് കേരളത്തില്‍ രോഗം വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. അത് തടയണമെങ്കില്‍ സര്‍ക്കാരിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും പുതിയ ഐടി ടെക്നോളജി ആവശ്യമായതുകൊണ്ടാണ് സ്പ്രിംക്ലര്‍ എന്ന കമ്പനിയുടെ സഹായം തേടിയതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഇതുവരെ ലോകത്ത് ആകെ 25 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്നാണ് വിവരം. 80 ലക്ഷം പേര്‍ക്ക് കോവിഡ് ബാധയുണ്ടാകാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് വിഡി സതീശന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി രൂക്ഷമായി വിമര്ശിക്കുകയാണുണ്ടാത്. പിന്നീട് എവിടെനിന്നാണ് 80 ലക്ഷം രോഗികളുണ്ടാകുമെന്ന വിവരം മുഖ്യമന്ത്രിക്ക് കിട്ടിയതെന്ന് വ്യക്തമാക്കണം.
വിവരങ്ങള്‍ കൈകാര്യംചെയ്യുന്നതിന് സര്‍ക്കാരിന്റെ കൈയ്യില്‍ കാര്യക്ഷമമായ സംവിധാനം ഇല്ലാത്തതിനാല്‍ വിദേശ കമ്പനിയെ ആശ്രയിക്കേണ്ടിവന്നു എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന് (എന്‍ഐസി) ഡാറ്റ കൈകാര്യംചെയ്യാനുള്ള കഴിവുണ്ടെന്നും എന്നാല്‍ എന്‍ഐസിയോട് കേരളം സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സൗകര്യങ്ങളൊന്നും ഉപയോഗിക്കാതെ വിദേശ കമ്പനിയെ കൊണ്ടുവരാനിടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷം ഉന്നയിച്ച മറ്റ് ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞിട്ടില്ല. അവ കോടതി ഇനി പരിശോധിക്കാനിരിക്കുന്നതേയുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Sprinklr deal- Court accepted opposition's all allegations - Chennithala
Content Highlights: