സ്പ്രിംക്ലർ: ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു; വിജിലൻസ് അ‌ന്വേഷണം തള്ളി എ.എൻ.രാധാകൃഷ്ണനും

#സ്വന്തം ലേഖകൻ
-
-

കൊച്ചി: സ്പ്രിംക്ലർ ഇടപാട് അ‌ന്വേഷണം സംബന്ധിച്ച് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. വിജിലൻസ് അ‌ന്വേഷണം ആവശ്യപ്പെട്ട് ​ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച സംസ്ഥാന അ‌ധ്യക്ഷൻ കെ.സുരേന്ദ്രനെ തള്ളി ​വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനും രംഗത്തെത്തി. ഇടപാടിൽ സിബിഐ അ‌ന്വേഷണമാണ് വേണ്ടതെന്ന് നേരത്തേ ജനറൽ സെക്രട്ടറി എം.ടി.രമേശും പറഞ്ഞിരുന്നു.

സ്പ്രിംക്ലർ ഇടപാടിൽ വിജിലൻസ് അ‌ന്വേഷണത്തിന് പ്രസക്തിയില്ലെന്ന് കൊച്ചിയിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവേ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. പിണറായിയുടെ കീഴിലുള്ള വിജിലൻസ് അ‌ന്വേഷിക്കുന്നതിൽ പ്രസക്തിയില്ല. കേന്ദ്ര ഏജൻസിയാണ് അ‌ന്വേഷണം ​നടത്തേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തേ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് താൻ കത്തയച്ചിട്ടുണ്ടെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

സ്പ്രിംക്ലർ ഉൾപ്പെടെയുള്ള ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഐടി കമ്പനി എക്സാലോജിക്കിന് വലിയ പങ്കുണ്ടെന്നും എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു. കമ്പനിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾക്ക് സിപിഎം ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസത്തിൽ അദ്ദേഹം​ കത്തയക്കുകയും ചെയ്തു.

അ‌ധ്വാനവർഗ പാർട്ടിയുടെ ആസ്ഥാനം എക്സാലോജിക് കമ്പനിയുടെ ആസ്ഥാനമായി മാറി​യെന്നും അ‌തിനാലാണ് മുഖ്യമന്ത്രിയുടെ മകൾക്കുള്ള കത്ത് എകെജി സെന്ററിലേക്ക് അ‌യക്കുന്നതെന്നും എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. 

'2014ൽ ഈ കമ്പനി രൂപീകരിക്കുമ്പോൾ ജീവനക്കാർക്ക് മാസശമ്പളം കൊടുക്കേണ്ട ആകെ തുക 8073 രൂപയായിരുന്നു. 2019ൽ അ‌ത് 6798575 ആയിമാറി. പിണറായിയുടെ ഭരണത്തിൽ നടന്നിട്ടുള്ള വ്യാപക ക്രമക്കേടുകളും അ‌ഴിമതികളുമൊക്കെ എകെജി സെന്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയിലേക്ക് വരികയാണ്' -ബിജെപി ​വൈസ് പ്രസിഡന്റ് ആരോപിച്ചു.

Content Highlights: