ഒരു പോറ്റിമാത്രം വിചാരിച്ചാല്‍ നടക്കില്ല, വന്‍ ശക്തികളുണ്ട്, സിബിഐ വരട്ടെ; ദേവസ്വംബോര്‍ഡ് ഉടച്ചുവാര്‍ക്കണം-വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭരണ സംവിധാനം ഉടച്ചുവാര്‍ക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ സിബിഐ വരട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്നും വന്‍ ശക്തികള്‍ ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1251 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ളത്. ഇതില്‍ 51 ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് സ്വയംപര്യാപ്തതയുള്ളത്. ബാക്കിയുള്ളതെല്ലാം ശബരിമല അയ്യപ്പന്റെ കാരുണ്യത്തിലാണ് നടന്നുപോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏതായാലും അയ്യപ്പനെ കൊണ്ടുപോയില്ല. അതുകൊണ്ട് പോയിട്ട്‌ കാര്യമില്ല. കരിങ്കല്ലാണ്. കനമുള്ളത് കൊണ്ട് പോകാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. എന്നും ഒരുപാട് അഴിമതിയും കെടുകാര്യസ്ഥതയുമുള്ള ബോര്‍ഡാണ് തിരുവിതാംകൂര്‍ ദേവസ്വം. ദേവസ്വംബോര്‍ഡില്‍ ഗൂഢസംഘം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് തട്ടിപ്പ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

'തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഭരണ സംവിധാനം മാറണം. പല രാഷ്ട്രീയക്കാര്‍ക്കും ഇടംകൊടുക്കാനുള്ള ഇടമായി ദേവസ്വംബോര്‍ഡുകള്‍ മാറിയിട്ടുണ്ട്. അവസരം കൊടുക്കാനുള്ള ഒരു ഇടനാഴിയായിട്ട് ദേവസ്വംബോര്‍ഡുകളെ മാറ്റിയിട്ടുണ്ട്. രാഷ്ട്രീയക്കാരും വേണം. ഒപ്പം ഐഎഎസുകാരെ ഉള്‍പ്പെടുത്തി പുതിയ സംവിധാനം ഏര്‍പ്പെടുത്തണം. ഐഎഎസുകാര്‍ക്ക് കള്ളം ചെയ്യാന്‍ ഭയമാണ്. അവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ക്ക് എന്തും ചെയ്യാം. സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണം' വെള്ളാപ്പള്ളി പറഞ്ഞു.

നിക്ഷേപമായി കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ സമ്പത്ത് രാജ്യത്തെ വികസനത്തിനും ഭക്ത ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കണം. ഗുരുവായൂരിലും കൂടല്‍മാണിക്യത്തിലും കോടികളുടെ സമ്പത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഇപ്പോഴത്തെ ഭരണസമിതിയാണ് കണ്ടുപിടിച്ചത്. അവര്‍ മിടുക്കന്‍മാരാണ്. ഒരു പോറ്റി മാത്രം വിചാരിച്ചാല്‍ ഇത്രയും സാധനം എടുത്ത് കൊണ്ട് പോകാന്‍ കഴിയില്ല. പിന്നില്‍ വന്‍ ശക്തികളുണ്ട്. സഹായിച്ചവരും സഹകരിച്ചവരും വീതം വെച്ചവരും ഉണ്ടാകും. അന്വേഷണത്തിന് സിബിഐ വരട്ടെ. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുന്‍കൈ എടുക്കട്ടെ' വെള്ളാപ്പള്ളി പറഞ്ഞു.

Content Highlights: Vellappally Natesan demands reform of the Travancore Devaswom Board, citing corruption and mismanagement.