എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനലിന് വൻവിജയം: ഡയറക്ടർ ബോർഡ് തൂത്തുവാരി

ആലപ്പുഴ: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പക്ഷം സമ്പൂർണ വിജയം കൈവരിച്ചു. ആലപ്പുഴ ചേർത്തല എസ്.എൻ കോളേജിൽ ചൊവ്വാഴ്ച നടന്ന 3(ഡി) വിഭാഗം തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി പാനൽ എതിരാളികളെ പാടെ തള്ളി വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആകെ 1027 അംഗങ്ങളും വെള്ളാപ്പള്ളി പക്ഷക്കാരായി മാറുകയും, എതിർപക്ഷത്തുനിന്ന് ഒരാൾ പോലും ബോർഡിൽ ഇല്ലാത്ത സാഹചര്യം നിലവിൽ വരികയും ചെയ്തു.
5,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ നൽകി ട്രസ്റ്റിൽ അംഗത്വമെടുത്ത 2,706 പേരിൽ നിന്ന് 270 ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടന്ന വോട്ടെടുപ്പിൽ 1,415 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ വെള്ളാപ്പള്ളി പാനലിലെ സ്ഥാനാർത്ഥികൾക്ക് 1,345 വോട്ട് വീതം ലഭിച്ചപ്പോൾ, മത്സരരംഗത്തുണ്ടായിരുന്ന ആറുപേർക്ക് വിരലിൽ എണ്ണാവുന്ന വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കെട്ടിവെച്ച തുക പോലും നഷ്ടമാവുകയും ചെയ്തു. ഇവർക്ക് ആകെ 47 വോട്ടുകൾ ലഭിച്ചപ്പോൾ 50 വോട്ടുകൾ അസാധുവായി. നേരത്തെ 500 രൂപ മുതൽ 4,999 രൂപവരെ നൽകി ട്രസ്റ്റ് അംഗത്വമെടുത്ത 3(ഇ) കാറ്റഗറി വിഭാഗത്തിൽ 10 റീജിയണുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 757 പേരും വെള്ളാപ്പള്ളി പക്ഷക്കാരാണ്. തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മത്സരം നടന്ന ചേർത്തല, നങ്ങ്യാർകുളങ്ങര, വർക്കല, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം റീജിയണുകളിലും വെള്ളാപ്പള്ളി പാനൽ തൂത്തുവാരി.
ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന് ശേഷമുള്ള അടുത്ത ഘട്ടമായ വിദഗ്ധ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 17-ന് നടക്കും. ഏറെ നിർണായകമായ എസ്.എൻ ട്രസ്റ്റ് ഭാരവാഹി തിരഞ്ഞെടുപ്പ് ഡിസംബർ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വർഷമായി വെള്ളാപ്പള്ളി നടേശനാണ് എസ്.എൻ ട്രസ്റ്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നത്.