ഉത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് ഒഴിവാക്കണം, ആ പണം വിദ്യാഭ്യാസത്തിന് ചെലവഴിക്കണം- എസ്എൻ ട്രസ്റ്റ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മനീഷ് ചേമഞ്ചേരി

ചേർത്തല: ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്തും കരിമരുന്നും ഒഴിവാക്കി ആ തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഗുണകരമായ മറ്റു കാര്യങ്ങൾക്കും ചെലവഴിക്കണമെന്ന് എസ്എൻ ട്രസ്റ്റ് വാർഷിക റിപ്പോർട്ട്. ചേർത്തല എസ്എൻ കോളേജിൽ നടന്ന 72-ാമത് വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

പൂവിറുക്കുന്ന ലാഘവത്തോടെയാണ് യുവതലമുറ കൊലപാതകങ്ങൾ ചെയ്യുന്നതെന്നും റാഗിങ് എന്ന വിപത്തിനെ കാംപസിൽനിന്ന് വേരോടെ പിഴുതെറിയണമെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ ഉന്നതോദ്യോഗസ്ഥർപോലും കറുപ്പുനിറത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെടുന്നു. മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇതിനെതിരേ തുറന്നുപറയാൻ കാണിച്ച ധൈര്യം അഭിനന്ദനീയമാണ്. റാപ്പർ വേടനോടും (ഹിരൺദാസ് മുരളി) അയാളുടെ പാട്ടിനോടും ഇതേ സമീപനമാണ് ചിലർ പുലർത്തിയത്. മറവിക്കെതിരേയുള്ള ഓർമ്മകളുടെ സമരമാണ് ആ പാട്ടുകൾ. വേടൻ പാടി ഉണർത്തുകയാണ്, ഉറക്കുകയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടൽമാണിക്യത്ത് കഴകക്കാരന്റെ നിയമനവുമായി ബന്ധപ്പെട്ട് ജാതിവിവേചനമുണ്ടായതു പോലെയുള്ള അന്തസ്സില്ലാത്ത പ്രവൃത്തികളെ തള്ളിപ്പറയാൻ എല്ലാ ഹൈന്ദവസംഘടനകൾക്കും കഴിയണം. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ അർഹമായതെല്ലാം സമുദായാംഗങ്ങൾ ചോദിച്ചുവാങ്ങണമെന്നും അത് അഭിമാനമായി കാണണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

സമുദായ താത്പര്യമുള്ളതുകൊണ്ടാണ് ക്രിസ്ത്യൻ, മുസ്‌ലിം സമുദായങ്ങൾ വളരുന്നത്. ഒരു മുന്നണിയും ഈഴവനു പ്രാമുഖ്യം നൽകിയിട്ടില്ല. നമുക്കിടയിൽ കുലംകുത്തികളുണ്ടെന്നും അതു തിരിച്ചറിഞ്ഞാലേ ഭാവിതലമുറയ്ക്കു രക്ഷയുണ്ടാകൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ ട്രസ്റ്റിന് 143.79 കോടിയുടെ ബജറ്റ്

ശ്രീനാരായണ ട്രസ്റ്റിന്റെ 143.79 കോടി രൂപയുടെ ബജറ്റിന് വാർഷിക പൊതുയോഗം അംഗീകാരം നൽകി. ആശുപത്രികളുടെ നവീകരണത്തിനും മറ്റും 43.5 കോടി വകയിരുത്തി. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങൾ നിർമിക്കുന്നതിനായി 14 കോടിയും കോളേജുകൾക്ക് 8.5 കോടിയും വകയിരുത്തി.

ചെയർമാൻ ഡോ. എം.എൻ. സോമൻ അധ്യക്ഷനായി. ട്രഷറർ ഡോ. ജയദേവൻ, ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. എ.വി. ആനന്ദരാജ്, മോഹൻ ശങ്കർ, എ. സോമരാജൻ, കെ. പദ്മകുമാർ, അശോകപ്പണിക്കർ, പി.എൻ. നടരാജൻ, ബിനീഷ് പ്ലാത്താനത്ത്, പി. സുന്ദരൻ, ഗോപിനാഥ് പാലക്കാട്, സി.ബി. രാജേന്ദ്രൻ, അജി എസ്.ആർ.എം., സംഗീതാ വിശ്വനാഥൻ, അഡ്വ. എ.എൻ. രാജൻ ബാബു, ഓഡിറ്റർ അബ്ദുൾ റഹീം എന്നിവർ പങ്കെടുത്തു.

Content Highlights: SN Trust`s annual report calls for redirecting temple festival funds towards education