പാലാ ബിഷപ്പിന്റെ പ്രസ്താവന മതസൗഹാര്‍ദം തകര്‍ക്കും, വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ്

സത്താര്‍ പന്തല്ലൂര്‍ | Screengrab: മാതൃഭൂമി ന്യൂസ്‌
സത്താര്‍ പന്തല്ലൂര്‍ | Screengrab: മാതൃഭൂമി ന്യൂസ്‌

മലപ്പുറം: കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല ഇതരമതസ്ഥരെ മയക്കുമരുന്ന് നല്‍കി വലയിലാക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരേ സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സത്താര്‍ പന്തല്ലൂര്‍. ഒരു സമുദായത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ബിഷപ്പിനേപ്പോലെയൊരാള്‍ ഇത്തരം ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത് മുസ്ലീം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

നിരുത്തരവാദപരമായ ഈ പ്രസ്താവന പൊതുസമൂഹത്തില്‍ മതസൗഹാര്‍ദം ഇല്ലാതാക്കുമെന്നും ആരോപണമുന്നയിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ്.  തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ സഹായകമാവുകയുള്ളൂ.സമുദായങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ ഇത്തരം പ്രസ്താവന നടത്തുന്നത് ഭിന്നത രൂക്ഷമാക്കും.

വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ബിഷപ്പിന്റെ പ്രസ്താവന സഹായകമാകും. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നും സത്താര്‍ പറഞ്ഞു. നിയമനടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടനയില്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആയുധം കൊണ്ട് കീഴടക്കാന്‍ കഴിയാത്തിടത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തില്‍ ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങള്‍ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. മറ്റ് മതങ്ങളില്‍പ്പെട്ട യുവതികളുള്‍പ്പെടെ അഫഗാനിസ്താനില്‍ എത്തിയത് എങ്ങനെയാണെന്നും ബിഷപ്പ് ചോദിച്ചിരുന്നു.

Content Highlights: SKSSF on Pala Bishop`s statement on Narcotic jihad

Content Highlights: