വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ അപകടമുണ്ടാക്കുംവിധം സ്കേറ്റിങ് പരിശീലനം

പാറശ്ശാല (തിരുവനന്തപുരം) : അപകടങ്ങൾ പതിവായ കാരോട്-മുക്കോല ബൈപ്പാസിൽ യാതൊരു സുരക്ഷയുമില്ലാതെ കുട്ടികൾക്ക് സ്കേറ്റിങ് പരിശീലനം. കാൽനടയാത്രക്കാർക്കുപോലും പ്രവേശനാനുമതി ഇല്ലാത്ത ബൈപ്പാസിൽ തിരുവനന്തപുരം നഗരത്തിലെ സ്കേറ്റിങ് ക്ലബ്ബുകളാണ് കുട്ടികളുടെ ജീവൻ പണയംവെച്ച് പരിശീലനം നൽകുന്നത്.
ബൈപ്പാസിന്റെ അവസാന ഭാഗത്ത് സർവീസ് റോഡിൽനിന്ന് ബൈപ്പാസിലേക്കുള്ള പ്രവേശന വഴിമുതൽ ബൈപ്പാസ് അവസാനിക്കുന്ന മേഖലവരെയുള്ള പ്രദേശത്താണ് അനധികൃതമായി പരിശീലനം.
വാഹനങ്ങൾ കടന്നുവരുന്ന പാതയിൽ പരിശീലനം നൽകുന്നത് അപകടകരമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടിയെങ്കിലും സംഘാടകർ മുന്നറിയിപ്പ് അവഗണിച്ച് പരിശീലനം തുടർന്നു.
തിരുവനന്തപുരം ഭാഗത്തുനിന്ന് കളിയിക്കാവിളയിലേക്കുവരുന്ന വാഹനങ്ങളിൽ പലതും ബൈപ്പാസിൽനിന്നു പുറത്തേക്ക് കടക്കുന്നതിനുള്ള സർവീസ് റോഡ് ശ്രദ്ധിക്കാതെ മുന്നോട്ടുവന്ന് വീണ്ടും ഇതേ പാതയിൽക്കൂടി പോകുന്നത് പതിവാണ്. ഈ ഭാഗത്തെ സർവീസ് റോഡ് വഴി ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും കടന്നുപോകുന്ന പാതയുംകൂടിയാണ് പരിശീലനം നൽകിയ മേഖല.
തമിഴ്‌നാട്ടിൽനിന്ന് പാറ ഉത്പന്നങ്ങളുമായി എത്തുന്ന ടിപ്പർലോറികളിൽ അധികവും ഈ ഭാഗത്തുകൂടിയാണ് ബൈപ്പാസിലേക്ക് പ്രവേശിക്കുന്നത്.
ബൈപ്പാസ് റോഡ് വാഹനയാത്രയ്ക്കായി തുറന്നുനൽകിയശേഷം അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇടിച്ച് എട്ടോളം കാൽനടയാത്രക്കാരാണ് മരണപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ആഴ്ച ഷാപ്പുമുക്കിനു സമീപത്തായുണ്ടായ അപകടത്തിൽ സ്ത്രീ മരണപ്പെട്ടതാണ് അവസാന അപകടം. അപകടം ക്ഷണിച്ചുവരുത്തുന്നതരത്തിൽ കുട്ടികൾക്ക് സ്കേറ്റിങ് പരിശീലനം നൽകുന്നതായുള്ള പരാതി ഉയർന്നതിനെത്തുടർന്ന് പൊഴിയൂർ പോലീസ് എത്തി പരിശീലനം തടയുകയും സംഘാടകർക്ക് താക്കീതുനൽകി വിടുകയും ചെയ്തു.
Content Highlights: Skating training on road where vehicles are screeching