തവനൂർ, കളമശ്ശേരി, കൊച്ചി, തൃക്കരിപ്പൂർ; വർഗീയവാദികൾ ശ്രദ്ധിക്കേണ്ട കേരള സ്‌റ്റോറിയെന്ന് ശശി തരൂർ

ശശി തരൂര്‍ |ഫോട്ടോ:PTI
ശശി തരൂര്‍ |ഫോട്ടോ:PTI

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വർഗീയവാദികൾ ശ്രദ്ധിക്കേണ്ട കേരള സ്റ്റോറിയുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തവനൂർ, കളമശ്ശേരി, കൊച്ചി,തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ നിരീക്ഷണം.

സ്വത്വരാഷ്ട്രീയത്തിന് അനുകൂലമായ ദേശീയ പ്രവണതകളിൽ നിന്നുള്ള സ്വാധീനം ഉണ്ടായിരുന്നിട്ടും, കേരളം ഇപ്പോഴും സാമുദായിക ഐക്യത്തിന്റെ ഒരു മാതൃകയാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് തരൂരിന്റെ പ്രതികരണം. ആളുകൾ ആദ്യം മനുഷ്യരെയും പിന്നീട് ജാതിയും മതവും കാണുന്ന ഒരു സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.

'സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വർഗീയവാദികൾ ശ്രദ്ധിക്കേണ്ട ഒരു കേരളസ്റ്റോറി: മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽ നിന്ന് ക്രിസ്ത്യൻ സ്ഥാനാർത്ഥി വി.എസ്. ജോയ് വിജയിച്ചു. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽ നിന്ന് ഒരു മുസ്ലിം സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂർ വിജയിച്ചു, ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽ നിന്ന് ഒരു മുസ്ലിം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസ് വിജയിച്ചു' തരൂർ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്ന് ഒരു ഹിന്ദു സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തുവെന്നും തരൂർ കൂട്ടിച്ചേർത്തു.

തവനൂരിൽ കോൺഗ്രസ് സ്ഥാനാർഥിയായ വി.എസ്.ജോയ് ഇടത് സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായ കെ.ടി.ജലീലിനെ 14647 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കളമശ്ശേരിയിൽ മുസ്‌ലിംലീഗ് സ്ഥാനാർഥി വി.ഇ.അബ്ദുൾ ഗഫൂർ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ പി.രാജീവിനെ 16132 വോട്ടുകൾക്കും പരാജയപ്പെടുത്തി. കൊച്ചിയിൽ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മദ് ഷിയാസ് സിപിഎമ്മിന്റെ കെ.ജെ.മാക്‌സിയെ 8188 വോട്ടിനും തോൽപ്പിച്ചു.തൃക്കരിപ്പൂരിൽ സിപിഎം സ്ഥാനാർഥി വിപിപി മുസ്തഫയെ 4431 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് വാര്യർ പരാജയപ്പെടുത്തിയിരുന്നു.

Content Highlights: Shashi Tharoor highlights the victory of candidates across religious lines in the 2026 assembly elections., Specific examples cited: Thavanur, Kalamassery, and Kochi constituencies.,