ഭർത്താവിൽനിന്ന് അതുല്യ നേരിട്ടത് കൊടുംക്രൂരത; കുടുംബം പരാതി നൽകി, മരണം ജന്മദിനത്തിൽ

അതുല്യ വീട്ടിലേക്കയച്ച ദൃശ്യങ്ങളില്‍ നിന്ന് ( ഇടത്ത്), സതീഷും അതുല്യ |  Screengrab : News Video
അതുല്യ വീട്ടിലേക്കയച്ച ദൃശ്യങ്ങളില്‍ നിന്ന് ( ഇടത്ത്), സതീഷും അതുല്യ | Screengrab : News Video

കൊല്ലം: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭര്‍ത്താവിനെതിരെ കുടുംബം പരാതി നല്‍കി. ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെയാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് അതുല്യ ക്രൂരപീഡനം അനുഭവിച്ചിരുന്നതായി കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. സതീഷും അതുല്യയും ഷാര്‍ജയില്‍ താമസിച്ചുവന്നിരുന്ന വീട്ടിലാണ് അതുല്യയെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അതുല്യയുടെ പിറന്നാള്‍ ദിവസം കൂടിയാണ്. 

മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അതുല്യ സഹോദരിയ്ക്ക് അയച്ചുനല്‍കിയിരുന്നു. താന്‍ ആ വീട്ടില്‍ അനുഭവിച്ചുകൊണ്ടിരുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ ബന്ധുക്കള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇവ അയച്ചുനല്‍കിയത്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. വളരെ ക്രൂരമായാണ് സതീഷ് അതുല്യയോട് പെരുമാറിയിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ചില വീഡിയോകളില്‍ അതുല്യ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. 

വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്‌നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹത്ത് പറയുന്നു. അതുല്യയുടെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കുകയായിരുന്നു പതിവ്. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നുവെന്നും സുഹൃത്ത് പറയുന്നു. അതുല്യയുടെ വീട്ടുകാര്‍ പലപ്പോഴും ബന്ധമൊഴിയാന്‍ പറഞ്ഞിരുന്നുവെങ്കിലും സതീഷ് മാപ്പ് പറഞ്ഞ് സമീപിക്കുന്നതോടെ അതുല്യ അയാളോടൊപ്പം പോകുകയായിരുന്നുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. സതീഷിന് മദ്യപാനം പതിവായിരുന്നു. സതീഷും അതുല്യയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നതായും അതും സതീഷിന് പ്രശ്‌നമായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. 

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)

Content Highlights: Family of Athulya, found dead in Sharjah, files complaint against husband alleging abuse