ആദ്യം ശ്രമിച്ചത് വർഗീയവാദിയാക്കാൻ, ഇതാണോ സിപിഎമ്മിന്റെ 2026-ലെ രാഷ്ട്രീയ ടൂൾ?- ഷാഫി പറമ്പിൽ

പ്രതീകാത്മക ചിത്രം, ഷാഫി പറമ്പിൽ | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം, ഷാഫി പറമ്പിൽ | Photo: മാതൃഭൂമി

പാലക്കാട്: അധിക്ഷേപ രാഷ്ട്രീയം മുറുകെപിടിച്ചാണ് സിപിഎം മുമ്പോട്ട് പോകുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. സിപിഎം 2026-ലെ തിരഞ്ഞെടുപ്പിലേക്ക് കരുതിവെച്ചിരിക്കുന്ന തന്ത്രം ഇതാണോ എന്നും ഷാഫി പറമ്പിൽ ചോദിച്ചു. പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അധിക്ഷേപങ്ങളുടെ രാഷ്ട്രീയം മുറുകെപിടിച്ചാണ് സിപിഎം മുമ്പോട്ട് പോകുന്നത്. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ഒരു ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുക എന്നുള്ളതാണോ തിരഞ്ഞെടുപ്പിലേക്ക് സിപിഎം ഒരുക്കിവെക്കേണ്ട മാനിഫെസ്റ്റോ. ഇതാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക. സിപിഎം നേതൃത്വം മറുപടി പറയണം. ജനങ്ങളുടെ മുമ്പിൽ വേറൊന്നും പറഞ്ഞു പിടിച്ചുനിൽക്കാൻ പറ്റാഞ്ഞിട്ടാണോ വ്യക്തിഹത്യയും അധിക്ഷേപവും. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരംചർച്ചകളിലേക്ക് മാറ്റണമെന്നായിരിക്കാം അവർ ആഗ്രഹിക്കുന്നത്. ജനം വിലയിരുത്തട്ടെ. ഇതാണോ സിപിഎം 2026-ലേക്ക് കരുതിവെച്ചിരിക്കുന്ന തന്ത്രം എന്ന് വ്യക്തമാക്കട്ടെ. ഇതാണോ സിപിഎമ്മിന്റെ 2026-ലെ രാഷ്ട്രീയ ടൂൾ', ഷാഫി പറമ്പിൽ ചോദിച്ചു.

'കൃത്യമായ രാഷ്ട്രീയം പറഞ്ഞിട്ടും കൃത്യമായ സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടും തിരഞ്ഞെടുപ്പ് നേരിടാനുള്ള ആർജ്ജവവും കെൽപ്പും ഞങ്ങൾക്കുണ്ട്. അവരുടെ ഒരു മെച്ചവും പറയാനില്ലാത്തതിന്റെ പ്രയാസങ്ങളിൽനിന്നാണ് വ്യക്തിപരമായും രാഷ്ട്രീയമായും തകർക്കാൻ ശ്രമിക്കുന്നത്. വർഗീയവാദിയാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. അത് ഏശാഞ്ഞിട്ടാണ് വേറൊരു കാര്യം കൊണ്ടുവന്നത്. ആ വാക്കുകൊണ്ട് ഒരു മറുപടി അർഹിക്കുന്നത്', ഷാഫി ചോദിച്ചു.

ഷാഫി പറമ്പിൽ എംപിയ്ക്കെതിരേ ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് ഇക്കാര്യം തിരുത്തി. രാഹുലിനേക്കാള്‍ അപ്പുറമാണ് ഹെഡ്മാഷ് എന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കുനേരെ ഉണ്ടായത് വ്യക്തിപരമായ അധിക്ഷേപമാണെന്ന ഷാഫിയുടെ പ്രതികരണത്തിലൂടെ അദ്ദേഹം താൻ പറഞ്ഞകാര്യം സമ്മതിച്ചതായും സുരേഷ് ബാബു പറഞ്ഞു. ഇത്തരം വിഷയങ്ങളല്ല കേരളത്തിലെ പ്രധാനവിഷയങ്ങളെന്നും സുരേഷ് ബാബു വ്യക്തമാക്കി.

Content Highlights: Shafi Parambil MP Accuses CPM of Abusive Politics in Kerala's Palakkad