പുറത്താക്കിയ SFI നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമരം; ചേർത്തല എൻഎസ്എസ് കോളേജ് അടച്ചു

ആലപ്പുഴ: ചേർത്തല എൻ.എസ്.എസ്. കോളേജ് വിദ്യാർഥി സമരത്തെത്തുടർന്ന് അടച്ചു. കോളേജിൽ നിന്ന് പുറത്താക്കിയ രണ്ട് എസ്.എഫ്.ഐ. നേതാക്കളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആലപ്പുഴ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ കോളേജിൽ അക്രമം നടത്തിയെന്ന് പ്രിൻസിപ്പൽ ആരോപിച്ചു.
ബുധനാഴ്ച രാവിലെയോടെയായിരുന്നു ആലപ്പുഴ ജില്ലാ നേതൃത്വം പ്രതിഷേധ പ്രകടനവുമായി ചേർത്തല എൻ.എസ്.എസ്. കോളേജിലേക്ക് എത്തിയത്. കഴിഞ്ഞ മാർച്ച് മാസത്തിൽ കോളേജിൽ ആഘോഷവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ചെയർമാനെയും ജനറൽ സെക്രട്ടറിയേയും സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് കോളേജ് കൗൺസിൽ ചേർന്ന് ഇരുവരേയും പുറത്താക്കാൻ തീരുമാനിച്ചു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു എസ്.എഫ്.ഐയുടെ സമരം.
കോളേജിൽ പോലീസെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സമരക്കാർ പിന്മാറിയില്ല. തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ കോളേജ് അധികൃതർ തീരുമാനിക്കുകയായിരുന്നു.
Content Highlights: sfi strike alappuzha nss college closed