'രക്ഷാപ്രവർത്തന' കേസ്; പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ പോലീസിലേക്ക് തിരിച്ചയച്ചു

#ന്യൂസ് ഡെസ്‌ക്
ആലപ്പുഴയിലെ നവകേരള സദസ്സിനിടെ ഉണ്ടായ മര്‍ദ്ദനം
ആലപ്പുഴയിലെ നവകേരള സദസ്സിനിടെ ഉണ്ടായ മര്‍ദ്ദനം

തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ ഉണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽനിന്ന് മാറ്റി പോലീസിലേക്ക് തിരിച്ചയച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ വിഭാഗത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് സന്ദീപിനെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മാറ്റിയത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രത്യേക സുരക്ഷാ വലയത്തിലുണ്ടായിരുന്നയാളാണ് സന്ദീപ്. ആലപ്പുഴയിൽ നടന്ന മർദ്ദന കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മുഖ്യമന്ത്രിക്ക് നേരത്തെ ഉണ്ടായിരുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ മാറ്റം വന്ന സാഹചര്യത്തിലാണ് സുരക്ഷാ സേനയിൽ ഉണ്ടായിരുന്നവരെ പോലീസിലേക്ക് തിരികെ എത്തിച്ചത്. നിലവിൽ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷനേതാവ്, മുൻമുഖ്യമന്ത്രി എന്നീ പരിഗണനകൾ വെച്ച് നൽകുന്നത്. ഇതോടെ ഗൺമാൻമാർ കൂടെയുണ്ടാവില്ല. എസ്‌കോർട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും.

മർദന കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ ആണ്. അനിൽ കുമാർ പിണറായിയുടെ ഗൺമാനായി തന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ. 2023 ഡിസബർ 15-ന് ആലപ്പുഴയിൽവെച്ചാണ് കെ.എസ്.യു. നേതാവും ഇപ്പോൾ എംഎൽഎയുമായ എ.ഡി. തോമസ്, അജയ് എന്നിവർക്കുനേരേ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ അതിക്രമമുണ്ടായത്. സംഭവത്തെ 'രക്ഷാപ്രവർത്തനം' എന്ന് പറഞ്ഞായിരുന്നു സർക്കാർ ന്യായീകരിച്ചിരുന്നത്.

മർദനമേറ്റവർ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല. മർദനമേറ്റവർ കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പുരോഗതിയുണ്ടായില്ല. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ കേസ് അന്വേഷിക്കാൻ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന എ.പി ഷൗക്കത്തലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു.

Content Highlights: Security officer Sandeep removed from CM's security detail., Accused in the 2023 Alappuzha assault case involving KSU leaders., Security category downgrade for former CM Pinarayi Vijayan., Investigation transferred to a special Crime Branch team.