ശബരിമല സ്‌പോട്ട് ബുക്കിങ് ഒഴിവാക്കല്‍; ദര്‍ശനസൗകര്യം കുറയുന്നത് പ്രശ്‌നമാകും

#രാജേഷ് എം.ആർ.
ഫയൽ ചിത്രം  | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി
ഫയൽ ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

പത്തനംതിട്ട: നവംബര്‍ 16-ന് ആരംഭിക്കുന്ന ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്ത്, വെര്‍ച്വല്‍ക്യൂ വഴി ബുക്കു ചെയ്യുന്നവര്‍ക്കു മാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനം സാധാരണക്കാരായ ലക്ഷക്കണക്കിന് തീര്‍ഥാടകരുടെ ദര്‍ശനസൗകര്യം ഇല്ലാതാക്കുമെന്ന് ആശങ്ക. നിലയ്ക്കലും പമ്പയിലും ഉള്‍പ്പെടെയുണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് നിര്‍ത്തുന്നതാണ് തിരിച്ചടിയാകുക. ഇത് പ്രതിഷേധത്തിനും കാരണമാകും.

ശബരിമലയിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവസം 80,000 പേര്‍ക്കുമാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡ് എത്തിയത്. എന്നാല്‍, ശബരിമലയിലെ തിരക്ക്‌ കൈകാര്യം ചെയ്യുന്നതില്‍ പരിചയക്കുറവുള്ള പോലീസുകാരാണ് കഴിഞ്ഞ തീര്‍ഥാടനകാലത്ത് ഭക്തരെ ബുദ്ധിമുട്ടിച്ചതെന്ന ആക്ഷേപം ഉണ്ടായിരുന്നു. പതിനെട്ടാംപടി കയറാനുള്ള ഭക്തരുടെ നിര വലിയ നടപ്പന്തലും കഴിഞ്ഞ് ഏറെ നീളുമ്പോഴും തിരുമുറ്റത്തെ ഫ്ളൈഓവര്‍ ഭക്തരില്ലാതെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതായത് ഒരേസമയം ശ്രീകോവിലിന് മുന്നിലേക്ക് എത്തുന്നവരുടെ എണ്ണം കുറവായിരുന്നു. പതിനെട്ടാംപടി കയറ്റിവിടുന്നതില്‍ പോലീസിനുണ്ടായ പരാജയമാണ് ഇതിന് കാരണമായി അന്ന് പറഞ്ഞത്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ തീര്‍ഥാടനകാലത്ത് ദിവസവും 80,000 ഓണ്‍ലൈന്‍ ബുക്കിങ്ങും 20,000 സ്‌പോട്ട് ബുക്കിങ്ങുമാണ് ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് സ്‌പോട്ട് ബുക്കിങ് ദിവസം 10,000 ആയി കുറച്ചു. ഇത്തവണ ദിവസം 10,000 വെച്ച് കണക്കാക്കിയാലും മണ്ഡല, മകരവിളക്ക് കാലത്തെ 64 ദിവസത്തിനുള്ളില്‍ 6,40,000 പേര്‍ക്ക് ദര്‍ശനം കിട്ടില്ല.

പ്രധാന പ്രശ്‌നങ്ങള്‍

1. മറ്റ് സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍നിന്ന് വരുന്ന ഭക്തര്‍ക്ക് കംപ്യൂട്ടര്‍വഴി ഓണ്‍ലൈന്‍ ബുക്കിങ് ബുദ്ധിമുട്ടായിരിക്കും. അവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടാകില്ല. മുമ്പ് ഇവര്‍ നിലയ്ക്കലോ പമ്പയിലോ വന്ന് സ്‌പോട്ട് ബുക്കിങ് നടത്തുമായിരുന്നു.

2. ബുക്ക് ചയ്യുന്നവര്‍ക്ക് മാത്രമാണ് ദര്‍ശനമെന്ന് അറിയാതെ വരുന്നവരും വെട്ടിലാകും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരായിരിക്കും ഇതിലേറെ. ദര്‍ശനം നടത്താതെ മടങ്ങുക എന്നത് അവരെ സംബന്ധിച്ച് ഏറെ സങ്കടകരമായിരിക്കും.

3. ബുക്കുചെയ്തവര്‍ ദര്‍ശനത്തിന് വന്നില്ലെങ്കില്‍ ആ ഒഴിവില്‍ മറ്റാര്‍ക്കും അവസരം ലഭിക്കില്ല. സ്‌പോട്ട് ബുക്കിങ് ഉള്ളപ്പോള്‍ ഈ പ്രശ്‌നമില്ലായിരുന്നു. ബുക്കുചെയ്തവര്‍ വന്നില്ലെങ്കില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുമായിരുന്നു.

4. ദര്‍ശനത്തിന് പോകാന്‍ പെട്ടെന്ന് തീയതി തീരുമാനിക്കുന്നവര്‍ക്കും അത് നടക്കില്ല. പെട്ടെന്ന് തീരുമാനമെടുക്കുന്നവര്‍ ബുക്കുചെയ്യാന്‍ ശ്രമിക്കുന്‌പോഴേക്കും ആ ദിവസത്തെ ക്വാട്ട തീര്‍ന്നിരിക്കും.

5. ബുക്കുചെയ്തവര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് വൈകിയാലും പ്രശ്‌നമാണ്.

6. പരമ്പരാഗത കാനനപാതയായ എരുമേലിവഴി വരുന്നവര്‍ക്ക് ചിലപ്പോഴെങ്കിലും ബുക്കിങ് സമയം പാലിക്കാന്‍ കഴിയാതെ വരും.

7. ഓണ്‍ലൈന്‍വഴി മാത്രമാണ് ബുക്കിങ് എങ്കില്‍ വെബ്സെറ്റില്‍ ഇതിന് അവസരം നല്‍കുന്‌പോള്‍ത്തന്നെ മുഴുവന്‍ ബുക്കിങ്ങും പൂര്‍ണമാകാന്‍ സാധ്യതയുണ്ട്. അപ്പോഴും പലരുടെയും അവസരം ഇല്ലാതാകും.

Content Highlights: Sabarimala Virtual Queue: Concerns Over Limited Darshan Access