ശബരിമലയിൽ ഭക്തർക്ക് നൽകിയിരുന്ന തിരുവോണസദ്യ മുടങ്ങി, നൽകിയത് പുലാവ്; പരിശോധന വേണമെന്ന് മന്ത്രി

#ന്യൂസ് ഡെസ്ക്
Photo: mathrubhumi archives
Photo: mathrubhumi archives

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഏഴു പതിറ്റാണ്ടിലേറെയായി ഭക്തർക്ക് നൽകിയിരുന്ന തിരുവോണസദ്യ ഈ വർഷം മുടങ്ങിയ സംഭവത്തിൽ പരിശോധന ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് കത്തയച്ചു. സംഭവത്തിൽ വിശദമായ പരിശോധന വേണമെന്ന് കത്തിൽ നിർദേശിച്ചു.

സന്നിധാനത്ത് ഡ്യൂട്ടി ജീവനക്കാർക്കും പോലീസുകാർക്കും മാത്രമായി തിരുവോണസദ്യ പരിമിതപ്പെടുത്തി ഭക്തർക്ക് പുലാവ് നൽകിയെന്നാണ് ആരോപണം. വർഷങ്ങളായി മുടക്കമില്ലാതെ നടത്തിവന്നിരുന്ന സേവനം തുടരേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിക്കുന്നതിനൊപ്പം എല്ലാ പ്രധാനസേവനങ്ങളുടെയും കാര്യത്തിൽ കൃത്യമായ പ്രവർത്തനമാർഗരേഖ തയ്യാറാക്കണമെന്നും മന്ത്രി നിർദേശിച്ചു.

Content Highlights: Devaswom Minister K. Muraleedharan writes to Devaswom Board President K. Jayakumar regarding the cancellation of Thiruvonam Sadya for devotees., Allegations state that the Sadya was restricted to on-duty staff and police while devotees were served pulao., Minister demands strict action against those responsible and a standard operating procedure for major services.