ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടനകേന്ദ്രമാക്കും, തിരുപ്പതി മോഡൽ സൗകര്യങ്ങൾ- മുഖ്യമന്ത്രി

പമ്പ: ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർഥാടനകേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ തീർഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ഡല മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണെന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, അഗ്നിരക്ഷാസേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6,000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തീർഥാടകർക്കായി 461 ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പിഡബ്ലുഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും. തീർത്ഥാടകർക്ക് മികച്ച ചികിൽസ ലഭിക്കാൻ ആശുപതികളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഈ സീസണിൽ ഭക്തർക്ക് സുഗമദർശനത്തിന് എല്ലാ സൗകര്യങ്ങളം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Sabarimala to be transformed into the country's best pilgrimage center with Tirupati-model facilities., No shortage of offerings like appam and aravana during this pilgrimage season., Establishment of a 6,000-capacity German-style shed at Nilackal to ease crowd congestion., Deployment of 461 KSRTC buses and temple connectivity across shrines., Setting up 22 medical emergency units and strict waste management systems.