2025ലും സ്വർണം കട്ടു? ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശക്തമാക്കി SIT

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ 2025- സെപ്റ്റംബറിൽ കൊണ്ടുപോയതിലുള്ള അന്വേഷണം പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ശക്തമാക്കുന്നു. കഴിഞ്ഞദിവസം ഹൈക്കോടതിയിൽ എസ്‌ഐടി കൊടുത്ത റിപ്പോർട്ടിലാണ് ഇതിന്റെ സൂചനകളുള്ളത്. ശബരിമലയിൽനടന്ന സ്വർണക്കൊള്ള റിപ്പോർട്ട് ചെയ്തസമയത്ത് 2019-ൽ നടന്നതുമാത്രം അന്വേഷിക്കാനായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഓരോ രണ്ടാഴ്ച കൂടിയപ്പോഴും എസ്‌ഐടി ഹൈക്കോടതിക്ക് നൽകിവന്ന റിപ്പോർട്ടുകളിൽ പുതിയ വിവരങ്ങൾ വന്നതോടെ കേസിന്റെ വ്യാപ്തി കൂടിവന്നു. നാലു വിഭാഗങ്ങളായുള്ള അന്വേഷണമായി ഇത് വികസിക്കാനിടയാക്കിയതും കേസിന്റെ ഈ വൈപുല്യമായിരുന്നു. അങ്ങനെ നാലാമത്തെ വിഭാഗമായിട്ടാണ് കഴിഞ്ഞവർഷം ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയത് ഉൾപ്പെട്ടത്.
1998-ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞ സമയത്തെ കാര്യങ്ങളാണ് ഒന്നാമത്തെ വിഭാഗം. ഇതിന്റെ രേഖകൾ ഇല്ലെന്ന് പ്രതികളായ എൻ. വാസുവും എ. പദ്മകുമാറും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നെങ്കിലും കൃത്യമായ രേഖകളുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2019-ൽ കട്ടിളപ്പാളിയും വാതിലും സ്വർണം പൂശിയത് രണ്ടാമത്തേതും ദ്വാരപാലക ശില്പങ്ങൾ സ്വർണം പൂശിയത് മൂന്നാമത്തെ വിഭാഗവുമായി തിരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.
നാലാമത്തെ വിഭാഗത്തിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിൽനിന്ന് രണ്ടാഴ്ചമുമ്പ് മൊഴിയെടുത്തത്. ഈ ബോർഡിലെ മറ്റ് അംഗങ്ങളുടെ മൊഴിയും എടുക്കുമെന്നും വിവരമുണ്ട്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നീ പ്രതികളും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും 2019-ലെ സ്വർണക്കൊള്ളയിൽ നിർണായക സ്ഥാനങ്ങളിലേക്ക് വന്നിട്ടുണ്ട്. അതാണ് 2025-ലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശൽ സംശയത്തിലാക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് ശ്രീകോവിലിന്റെ ഇരുവശത്തേയും ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാനായി ഇളക്കിക്കൊണ്ടുപോയത്. ഹൈക്കോടതി നിയോഗിച്ച ജില്ലാജഡ്ജി പദവിയിലുള്ള സ്‌പെഷ്യൽ കമ്മിഷണറെ അറിയിക്കാതെയാണ് കൊണ്ടുപോയത്. വിവരമറിഞ്ഞ സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഇത് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. ഇതേ തുടർന്നാണ് 2019-ൽ നടന്ന വലിയ കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നത്. 2019-ൽ നടന്ന ക്രമക്കേട് മറച്ചുവെയ്ക്കാനായിരുന്നോ 2025-ലെ സ്വർണം പൂശൽ എന്ന ചോദ്യവും ഒരുഘട്ടത്തിൽ ഹൈക്കോടതി ചോദിച്ചിരുന്നു.
ഇപ്പോഴത്തെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് നിലവിലെ തിരുവാഭരണം കമ്മിഷണറിൽനിന്ന് എസ്‌ഐടി വിവരങ്ങളെടുത്തിരുന്നു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ കൊടിമരത്തിന്റെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്രിയേഷൻസിന്റെ ആൾക്കാരുമായി തിരുവാഭരണം കമ്മിഷണർ സംസാരിച്ചിരുന്നതായി എസ്‌ഐടിക്ക് വിവരം കിട്ടിയിട്ടുണ്ട്.
ഇങ്ങനെ സംസാരിച്ചതിൽനിന്ന് സ്മാർട്ട് ക്രിയേഷൻസ് അത്ര പ്രൊഫഷണൽ അല്ലെന്ന് കമ്മിഷണർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മാറ്റാൻ സമ്മർദം ഉണ്ടായെന്ന നിഗമനത്തിലാണ് എസ്‌ഐടി. അങ്ങനെയാണ് എട്ടുദിവസത്തിനുശേഷം സ്മാർട്ട് ക്രിയേഷൻസ് വൈദഗ്ധ്യമുള്ളവരാണെന്ന് തിരുവാഭരണം കമ്മിഷണർ റിപ്പോർട്ട് നൽകിയതെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടിയിട്ടുണ്ട്.
Content Highlights: Sabarimala Sannidhanam Golden Leaf removal probe by SIT intensifies. High Court alerted to suspicious gold plating of Dwarapalaka sculptures in September 2025.