ശബരിമല സ്വർണക്കൊള്ള; ചെമ്പുപാളികൾ മാറ്റിയിട്ടില്ല, സ്വർണം കവർന്നശേഷം കുറഞ്ഞ അളവിൽ പൂശി; കുറ്റപത്രം നവംബറിൽ

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്പങ്ങളിലെ 1998-ൽ സ്വർണം പതിച്ച ചെമ്പുപാളികൾ 2019-ൽ മാറ്റിയിട്ടില്ലെന്നു സൂചന. ഇതിലെ സ്വർണം കവർന്നശേഷം കുറഞ്ഞ അളവിൽ പുതിയ സ്വർണം പൂശി തിരികെയെത്തിക്കുകയായിരുന്നു. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചതായാണ് വിവരം.
യഥാർഥപാളികൾ കടത്തിയിരിക്കാമെന്ന സംശയമാണ് ആദ്യമുണ്ടായിരുന്നത്. ജംഷേദ്പുർ നാഷണൽ മെറ്റലർജിക്കൽ ലബോറട്രിയിലെ അന്തിമ പരിശോധനാഫലം വന്നശേഷമായിരിക്കും തുടർനടപടി.
യു.ബി. ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യയുടെ വഴിപാടായാണ് 1998-ൽ ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും സ്വർണം പൊതിഞ്ഞത്. ആകെ 30.291 കിലോ സ്വർണം ഉപയോഗിച്ചതായാണ് യു.ബി. ഗ്രൂപ്പിന്റെ കണക്ക്. ഇതിൽ 1.564 കിലോ ദ്വാരപാലകശില്പങ്ങൾക്കായിരുന്നു.
2019 ജൂലായ് 19-ന് ദ്വാരപാലകശില്പങ്ങളിൽനിന്ന് 25.4 കിലോ തൂക്കമുള്ള 12 പാളികൾ ഇളക്കി, സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻപോറ്റിക്ക് കൈമാറി. ഇതിനെ ദേവസ്വം ബോർഡ് മഹസറിൽ ‘ചെമ്പുപാളികൾ’ എന്നാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 29-നാണ് പാളികൾ സ്വർണംപൂശാനായി ചെന്നൈ അമ്പത്തൂരിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്.
ഇളക്കുമ്പോൾ 42.8 കിലോ തൂക്കമുണ്ടായിരുന്നു. തിരികെയെത്തിയപ്പോൾ തൂക്കം 38.258 കിലോയായി; 4.541 കിലോയുടെ കുറവ്. 1998-ലെ സ്വർണത്തിന്റെ ഏറിയപങ്കും നീക്കി നേർത്ത പാളി പൂശിയെന്നകാര്യം ലാബിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിന്റെ അളവാണ് ഇനി ലഭിക്കാനുള്ളത്.
കുറ്റപത്രം നവംബറിൽ
ശ്രീകോവിൽ കട്ടിളപ്പാളിക്കേസിൽ 25-നകം കുറ്റപത്രം നൽകാൻ ഹൈക്കോടതി എസ്.ഐ.ടി.ക്ക് നിർദേശം നൽകിയിട്ടുണ്ട്. ദ്വാരപാലകക്കേസിൽ നവംബർ 25-നകം നൽകണം. ദേവസ്വം ബോർഡിന്റെ മൂന്ന് മുൻ പ്രസിഡന്റുമാരും തന്ത്രി കണ്ഠര് രാജീവരും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം 15-ലേറെ പേർ രണ്ടുകേസിലുമായി അറസ്റ്റിലായിരുന്നു.
Content Highlights: In 1998, gold was applied to the Sabarimala temple's sculptures, but in 2019, it was discovered that the original gold was replaced with a lesser amount after being stolen. Initial suspicions suggested the original panels were smuggled, and further action awaits the final report from Jamshedpur National Metallurgical Laboratory. The Kerala High Court has directed the submission of charge sheets by November 25, with over 15 individuals, including former Devaswom Board presidents, involved in the case.