കുടുങ്ങിയത് മുതിര്‍ന്ന നേതാവ്; സ്വര്‍ണം ചെമ്പായത് പത്മകുമാറിന്റെ തിരക്കഥയില്‍, സിപിഎം പ്രതിരോധത്തില്‍

#ന്യൂസ് ഡെസ്ക്
എ. പത്മകുമാർ
എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുൻ പ്രസിഡന്റ് അറസ്റ്റിലായതോടെ വെട്ടിലായത് സിപിഎമ്മാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ചര്‍ച്ചാവിഷയമാകുന്നതും അതില്‍ പ്രധാനപ്പെട്ടെ സിപിഎം നേതാവ് അറസ്റ്റിലായതും ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ പ്രധാനമായും ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ മുതിര്‍ന്ന സിപിഎം നേതാവാണ് അറസ്റ്റിലായിരിക്കുന്നത് എന്നതാണ് കേസിലെ പ്രധാനപ്പെട്ട വിഷയം. കേസിലെ മുഖ്യ ആസൂത്രകനായിട്ടാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം (എസ്‌ഐടി) വിലയിരുത്തുന്നത്. ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്ന്. പാര്‍ട്ടി പിന്തുണയുള്ള വ്യക്തിയെയാണ് ഈ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് എന്നത് സിപിഎമ്മിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

54 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ളയാണ് എ പത്മകുമാര്‍ എന്ന സിപിഎം നേതാവ്. 1983 ൽ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതല്‍ കമ്മിറ്റി അംഗമായിരുന്നു. 25-ാം വയസില്‍ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി ആയ ആളാണ് പത്മകുമാര്‍. തന്റെ 30-ാം വയസില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് 1991ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 916 വോട്ടിന് എന്‍ഡിപി സ്ഥാനാര്‍ഥി ചന്ദ്രശേഖരന്‍ നായരെ പരാജയപ്പെടുത്തിയാണ് പത്മകുമാര്‍ നിയമസഭയിലേക്ക് കന്നിയങ്കം ജയിച്ചത്.

1996ല്‍ കോണ്‍ഗ്രസിന്റെ അടൂര്‍പ്രകാശിനോട് കോന്നിയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന് ശേഷം ആറന്മുള മണ്ഡലത്തിലേക്ക് ചുവട് മാറ്റിയെങ്കിലും മാലെത്ത് സരളാദേവിയോട് പരാജയപ്പെടുകയായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായി വളര്‍ന്നുവന്ന പത്മകുമാര്‍ വി.എസ്- പിണറായി ഗ്രൂപ്പ് പോരില്‍ പിണറായി പക്ഷത്തിനൊപ്പം ഉറച്ചുനിന്നയാളുകൂടിയാണ്. പാര്‍ട്ടി നടപടികളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് പടിപടിയായി തിരികെ ജില്ലാ കമ്മിറ്റിയിലേക്കെത്തി.

ഇതിന് ശേഷമാണ് പത്മകുമാര്‍ 2019ല്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആകുന്നത്. തോമസ് ഐസക്ക് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന സമയത്ത് മറ്റൊരു ജില്ലാക്കമ്മറ്റി അംഗവുമായി കയ്യാങ്കളിയിലെത്തിയതിന് പാര്‍ട്ടി താക്കീത് നല്‍കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പലഘട്ടങ്ങളിലായി സിപിഎമ്മില്‍ ഇടഞ്ഞും അനുസരിച്ചും വളര്‍ന്ന നേതാവാണ് പത്മകുമാര്‍. ഇപ്പോള്‍ സിപിഎം നേരിടുന്ന മറ്റൊരു പ്രതിസന്ധി കാലത്തും അതിന്റെ മുഖ്യസ്ഥാനത്ത് പത്മകുമാറെത്തിയിരിക്കുന്നു.

പത്മകുമാറിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ള മറ്റ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ മൊഴിയും പത്മകുമാറിനെതിരായിരുന്നുവെന്നതാണ് കേ്‌സില്‍ നിര്‍ണായകമായത്. 2019 മെയ് മാസത്തില്‍, ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ ചാരി നില്‍ക്കുന്ന പത്മകുമാറിന്റെ ദൃശ്യങ്ങളില്‍, സോപാന പഴിയില്‍ ചാരി നില്‍ക്കുന്ന ദ്വാരപാലക കവചങ്ങള്‍ തങ്കം പൊതിഞ്ഞതായി വ്യക്തമായിരുന്നു. എന്നാല്‍, ഇത് ചെമ്പാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പിന്നീട് നടന്നു. മെയ് മാസത്തില്‍ തങ്കം പൊതിഞ്ഞതായി സ്ഥിരീകരിച്ച കവചങ്ങള്‍ ജൂലൈ മാസത്തില്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൈവശം ഏല്‍പ്പിച്ചത്. ഇതാണ് സ്വര്‍ണക്കൊള്ളയുടെ മുഖ്യ കാരണമായി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്.

കേസില്‍ ആദ്യത്തെ അറസ്റ്റ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടേതായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെയാണ് സ്വര്‍ണ്ണക്കൊള്ള പുറത്തുവന്നത്. പിന്നാലെ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍ വാസു തുടങ്ങിയവരാണ് പിന്നാലെ അറസ്റ്റിലായത്. എന്‍. വാസുവിന്റെ അറസ്റ്റ് ഉണ്ടായപ്പോള്‍ തന്നെ പത്മകുമാറിന്റെ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു.

Content Highlights: Sabarimala gold scam: Senior CPM leader and former Travancore Devaswom Board president A. Padmakumar arrested. Investigation supervised by High Court. Details inside.