ശബരിമല സ്വർണക്കൊള്ള; ദ്വാരപാലകപാളികൾ ഇളക്കിയത് മരാമത്തുകാർ അറിയാതെ

#ജി. രാജേഷ് കുമാർ
Photo: mathrubhumi archives
Photo: mathrubhumi archives

പത്തനംതിട്ട: കഴിഞ്ഞവർഷം ശബരിമല ശ്രീകോവിലിലെ ദ്വാരപാലകപാളികൾ ഇളക്കി സ്വർണംപൂശാൻ കൊണ്ടുപോയത് ദേവസ്വത്തിലെ മരാമത്ത് വിഭാഗത്തെയും അറിയിച്ചിരുന്നില്ലെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

ശ്രീകോവിലിനു മുന്നിലെ പ്രധാനപ്പെട്ട ഒരു വസ്തു ഇളക്കുമ്പോൾ മരാമത്ത് വിഭാഗത്തെ അറിയിക്കാതിരുന്നത് എന്താണെന്നതിന് അന്നത്തെ ദേവസ്വം ബോർഡ് ഉത്തരംപറയേണ്ടിവരും. 1998 മുതൽ ശ്രീകോവിലുമായി ബന്ധപ്പെട്ട് നടന്ന പ്രവൃത്തികളിൽ മരാമത്ത് വിഭാഗത്തിന്റെ പങ്കാളിത്തംകൂടി ഉണ്ടായിരുന്നു.

1998-ൽ യുബി ഗ്രൂപ്പ് ശ്രീകോവിലിന്റെ സ്വർണംപൊതിയൽ പൂർത്തിയാക്കിയശേഷം ദ്വാരപാലകശില്പങ്ങൾ അടക്കമുള്ളവ തിരികെപ്പിടിപ്പിക്കാൻ മരാമത്ത് വിഭാഗത്തിലെ ഒരു എൻജിനിയറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. 2019-ലെ സ്വർണക്കൊള്ള പുറത്തായപ്പോൾ ഹൈക്കോടതിയുടെ നിർദേശപ്രകാരം രേഖകൾ പിടിച്ചെടുത്തതിൽ, 1998-ൽ എൻജിനിയറെ ചുമതലപ്പെടുത്തിയതിന്റെ സർക്കുലറും ഉണ്ടായിരുന്നു.

2019-ൽ ദ്വാരപാലകശില്പങ്ങളിലെ പാളികൾ ഇളക്കി സ്വർണം പൂശാൻ കൊണ്ടുപോയതിൽ പ്രതിസ്ഥാനത്ത് മരാമത്ത് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് എൻജിനിയറുമുണ്ട്. അതിനർഥം അന്നും ഈ പ്രവൃത്തി മരാമത്തിനെ അറിയിച്ചിരുന്നുവെന്നാണ്. അന്ന് നടന്ന പ്രവൃത്തികളിൽ എൻജിനിയറെക്കൊണ്ട് ഒപ്പിടീക്കുകമാത്രമാണ് ഉണ്ടായതെന്ന് അന്വേഷണസംഘത്തിന് വിവരംകിട്ടിയിട്ടുണ്ട്.

കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിന് രാത്രി ദ്വാരപാലകശില്പങ്ങളിലെ പാളികൾ സ്വർണംപൂശാൻ ഇളക്കിയത്. തന്നെയോ ഹൈക്കോടതിയെയോ അറിയിക്കാതെയാണ് പാളികൾ ഇളക്കിക്കൊണ്ടുപോയതെന്ന് സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിന്റെ വിവരം സെപ്റ്റംബർ ഒൻപതിന് പുറത്തുവരുമ്പോഴാണ് ഇതേക്കുറിച്ച് പുറംലോകമറിഞ്ഞത്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടത്തിയ ഇടപെടലുകളാണ് ഇപ്പോൾ അന്വേഷണത്തെ മുന്നോട്ടുനയിക്കുന്നത്.

Content Highlights: Investigation into removal of gold plating from Sabarimala Sreekovil Dwarapalaka panels without informing authorities. Details emerge.