ശബരിമല സ്വർണക്കൊള്ളക്കേസ്: പ്രതികൾ ഒന്നൊന്നായി പുറത്തേക്ക്, എസ്.ഐ.ടി.ക്കു പിഴയ്ക്കുന്നോ?

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ഭാഗിക കുറ്റപത്രംപോലും നൽകാനാവാതെ എസ്.ഐ.ടി. കുഴങ്ങുമ്പോൾ പ്രതിപ്പട്ടികയിലുള്ളവർ സ്വാഭാവിക ജാമ്യംനേടി ഒന്നൊന്നായി പുറത്തേക്ക്. കേസിൽ നടപടികൾ തുടങ്ങി നാലുമാസത്തോളമായിട്ടും കുറ്റപത്രം നൽകാനായില്ലെന്നതു മാത്രമല്ല, കവർച്ചയുമായി ബന്ധമുണ്ടെന്നു ദേവസ്വം വിജിലൻസും എസ്.ഐ.ടി.യും കണ്ടെത്തിയ എല്ലാവരും അറസ്റ്റിലായിട്ടുമില്ല.
കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഇടയ്ക്കിടെ കോടതിയുടെതന്നെ പ്രശംസയേറ്റുവാങ്ങിയും കുറ്റപ്പെടുത്തൽകേട്ടുമാണ് പ്രത്യേക അന്വേഷണം നീങ്ങുന്നത്. എന്നാൽ, സംഘത്തിനുമുന്നിൽ തെളിവുകളുടെ കുറവ് പ്രതിസന്ധിയാണെന്ന് സംശയിക്കണം. നഷ്ടപ്പെട്ടെന്നു കരുതുന്ന സ്വർണം ഇതുവരെ പൂർണമായി കണ്ടെത്തിയോ എന്നതിലും സംശയം. തിരഞ്ഞെടുപ്പടുത്തിരിക്കെ, അന്വേഷണവേഗം കുറയ്ക്കുന്നോ എന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്. സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യം.
ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളപ്പാളിക്കേസുകളിലെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിമുതൽ ദേവസ്വം ബോർഡിൻ്റെ രണ്ടു പ്രസിഡന്റുമാരും രണ്ടംഗങ്ങളും തന്ത്രിയും ഉൾപ്പെടെ 12 പേരാണ് അറസ്റ്റിലായത്. ഇതിൽ മുൻ അഡ്‌മിനിസ്ട്രേറ്റിവ് ഓഫീസർമാരായ മുരാരി ബാബു, എസ്. ശ്രീകുമാർ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. സാംപിളുകൾ വീണ്ടും വി.എസ്.എസ്.സി.യിൽ പരിശോധനയ്ക്കയച്ചതിൻ്റെ ഫലം കിട്ടാതെ കുറ്റപത്രം നൽകാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Content Highlights: Sabarimala gold scam investigation stalls, SIT faces challenges. Many accused released on bail.