'അത് അയാളുടെ സ്വന്തം സ്വർണം, ദേവസ്വത്തിന്റേതല്ല'; ഉണ്ണികൃഷ്ണൻ പോറ്റി ഇമെയിൽ അയച്ചെന്ന് എൻ. വാസു

എൻ. വാസു, ഉണ്ണിക്കൃഷ്ണൻ പോറ്റി | Photo: Screengrab/ Mathrubhumi News
എൻ. വാസു, ഉണ്ണിക്കൃഷ്ണൻ പോറ്റി | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും സ്പോൺസർ എന്ന നിലയിലാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതേസമയം, ദ്വാരപാലക ശില്പം സ്വർണംപൂശിയത് ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം സ്വർണം ഉപയോഗിച്ചാണെന്നും എൻ. വാസു പറഞ്ഞു. ബാക്കിയുള്ള സ്വർണം പോറ്റിക്ക് എന്തും ചെയ്യാൻ അവകാശമുണ്ടല്ലോ എന്ന വിചിത്രവാദവും അദ്ദേഹം ഉന്നയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയെ സംശയിക്കേണ്ട യാതൊരു സാഹചര്യവും അന്ന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇ-മെയിൽ തനിക്ക് ലഭിച്ചിരുന്നു. ശില്പങ്ങളിൽ പൂശിയ സ്വർണം ബാക്കിയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ. സ്വർണം ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാൻ അഭ്യർഥിച്ചായിരുന്നു സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

നിർധനയായ യുവതിയുടെ വിവാഹത്തിന് ബാക്കിവന്ന സ്വർണം ദേവസ്വം ബോർഡുമായി സഹകരിച്ച് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു, ഇത് സംബന്ധിച്ച് വിലയേറിയ അഭിപ്രായം തരണമെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ വന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല. ഇ-മെയിൽ ലഭിച്ചപ്പോൾ തിരുവാഭരണം കമ്മിഷണറുടേയും എക്സിക്യൂട്ടീവ് ഓഫീസറുടേയും അനുമതി വാങ്ങണമെന്ന് മറുപടി നൽകി. 2019- ഡിസംബറിലായിരുന്നു മെയിൽ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മെയിൽ കിട്ടുന്ന സമയത്ത് ഈ വിഷയങ്ങൾ ഒന്നും ഇല്ല. ദേവസ്വം ബോർഡിന്റെ സ്വർണം അപഹരിച്ചതായിട്ട് ഒരു ആരോപണവും ഇല്ല. തൂക്കത്തിൽ വന്ന വ്യത്യാസം ഒക്കെ ഈ അടുത്തുണ്ടായതാണ്. അന്ന് ഇത്തരം ഒരു വിഷയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദ്വാരപാലക ശില്പം സ്വർണം പൂശിയത് ഉണ്ണികൃഷ്ണൻ പോറ്റി സ്വന്തം സ്വർണം ഉപയോഗിച്ചാണെന്നും എൻ. വാസു പറഞ്ഞു. ബാക്കിയുള്ള സ്വർണം പോറ്റിക്ക് എന്തും ചെയ്യാൻ അവകാശമുണ്ടല്ലോ എന്ന വിചിത്രവാദവും അദ്ദേഹം ഉന്നയിച്ചു.

സ്വന്തം സ്വർണം ദ്വാരപാലക ശില്പങ്ങൾക്കായി ഉപയോഗിക്കുമെന്നായിരുന്നു അന്ന് ഉണ്ടാക്കിയ കരാർ. സ്വന്തമായി കുറേ സ്വർണം ശേഖരിച്ച് ശില്പങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബാക്കി സ്വർണം അയാളുടെ കൈയിൽ ഉണ്ടെങ്കിൽ അത് അയാളുടെ വകയാണ്. ദേവസ്വത്തിന്റെ വകയല്ല. അയാൾ സംഭരിച്ച സ്വർണത്തിൽ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ളതാണ് അത്. അത് ദേവസ്വം ബോർഡിന്റേതല്ലെന്ന് എൻ. വാസു പറഞ്ഞു.

ഒന്നും ഒളിച്ചുവെക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നും തനിക്ക് ഒളിച്ചുവെക്കേണ്ടതില്ല. സുതാര്യമായ നടപടികൾ മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും നിലവിലെ പശ്ചാത്തലത്തിലാണ് ഇതെല്ലാം സംശയത്തിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ൽ ചെമ്പുപാളികളായിരുന്നോ അതോ സ്വർണമായിരുന്നോ എന്ന ചോദ്യത്തിന്; തന്റെ നോട്ടത്തിലുള്ള കാര്യമേ തനിക്ക് അറിയൂ എന്നും കൂടുതൽ അതിനെപ്പറ്റി ആലോചിക്കുകയോ പരിശോധിക്കുകയോ ചെയ്യേണ്ട കാര്യം അന്ന് ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡും സർക്കാരും സദുദ്ദേശ്യത്തോടെ നടത്തിയ പരിപാടിയാണെന്നും താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Former Travancore Devaswom Board president N. Vasu reveals receiving an email from Unnikrishnan Potty