പത്മകുമാർ പോറ്റിക്കൊപ്പം ഇംഗ്ലണ്ടിലേക്കോ ഈജിപ്തിലേക്കോ പോയോ? പാസ്‌പോർട്ട് പിടിച്ചെടുത്ത് അന്വേഷണ സംഘം

#ന്യൂസ് ഡെസ്ക്
എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട് (Image: MBTV Screengrab) | പത്മകുമാറിനെ കൊല്ലം 
വിജിലൻസ് കോടതി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി
എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട് (Image: MBTV Screengrab) | പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതി ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ചിത്രം: സി.ആർ. ഗിരീഷ് കുമാർ, മാതൃഭൂമി

പത്തനംതിട്ട: ശബരിമല സ്വർണപ്പാളിക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) പിടിച്ചെടുത്തു. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ എന്നറിയാനാണ് ശ്രമം. ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്പോർട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും.

2019-ൽ ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്‌പോർട്ടിൽനിന്ന് ശേഖരിക്കുന്നുണ്ട്. പ്രതിപ്പട്ടികയിൽ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്‌പോർട്ടുകളും മൊഴിയെടുക്കൽ ഘട്ടത്തിൽ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.

2019-ൽ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയതിനുശേഷമുള്ള കാലഘട്ടത്തെ രേഖകളൊന്നും പത്മകുമാറിന്റെ വീട്ടിൽനടന്ന റെയ്ഡിൽ അന്വേഷണസംഘത്തിന് കണ്ടെടുക്കാനായില്ല. പത്മകുമാറിന്റെയും ഭാര്യയുടെയും 2015-16, 2016-17 എന്നീ സാമ്പത്തികവർഷങ്ങളിലെ നികുതി റിട്ടേണുകളുടെ വിവരം കിട്ടിയിട്ടുണ്ട്.

Content Highlights: SIT seizes passport of former Travancore Devaswom Board President A. Padmakumar in Sabarimala gold theft case. Investigating UK, Egypt travel with co-accused.