അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; പുതിയ 'സംഗമങ്ങൾ' നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: അയ്യപ്പസ്വാമിക്ക് പ്രത്യേകമായി പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പുതിയ രീതിയിലുള്ള 'സംഗമങ്ങൾ' സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ശബരിമല ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ശബരിമലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള നിർദേശങ്ങൾ ചർച്ചചെയ്യാൻ ചേർന്ന സ്പെഷ്യൽ ബോർഡ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വലിയ വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾ ആരും ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിജിലൻസുമായി ചേർന്ന് നിരീക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തെറ്റായ രീതിയിൽ വാർത്തയിൽ ഇടംപിടിക്കരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ശബരിമലയിലെ ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നീ മൂന്ന് കാര്യങ്ങളിൽ ഊന്നിയുള്ള വികസന പ്രവർത്തനങ്ങളാണ് ബോർഡ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ശബരിമലയിലെ എല്ലാ ഇടപാടുകളും ഇനിമുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറും. വഴിപാട് ബുക്കിങ് ഉൾപ്പെടെയുള്ള എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിർബന്ധമാക്കും. തീർഥാടകർക്കായി അനുവദിച്ചിട്ടുള്ള 608 മുറികളിൽ 550 മുറികളും ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും.
മുറികൾക്കായി മുമ്പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കി പകരം 50 രൂപ മാത്രം സർവീസ് ചാർജായി ഈടാക്കാനും തീരുമാനിച്ചു. മുറികളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി ഹൗസ് കീപ്പിങ് ചുമതല പുറത്തുള്ള ഏജൻസിയെ ഏൽപ്പിക്കുകയും ശബരി ഗസ്റ്റ് ഹൗസിന് സമീപം പുതിയൊരു ഗസ്റ്റ് ഹൗസ് നിർമിക്കുകയും ചെയ്യും. വിർച്വൽ ക്യൂ ടിക്കറ്റുകൾക്കൊപ്പം നിലവിൽ ഈടാക്കുന്ന അഞ്ച് രൂപയുടെ ക്രമീകരണങ്ങൾ തുടരും.
സുരക്ഷയും തിരക്ക് നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായി പമ്പയിൽ പുതിയ കൺട്രോൾ റൂം സജ്ജീകരിക്കും. ഇവിടെയിരുന്ന് സന്നിധാനത്തെയും പമ്പയിലെയും ഡിജിറ്റൽ സംവിധാനങ്ങൾ നിരീക്ഷിക്കാൻ സാധിക്കും. നിലവിൽ 450 ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൂടുതൽ കാര്യക്ഷമമായ തിരക്ക് നിയന്ത്രണത്തിനായി എഐ ക്യാമറകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മരാമത്ത് പണികളിലെ സുതാര്യതയ്ക്കായി പുറത്തുള്ള ഏജൻസിയെ ഉൾപ്പെടുത്തി ഒരു ടെക്നിക്കൽ ഓഡിറ്റ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയൊരു തീർഥക്കുളം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടകരുടെ ക്ഷേമം പരിഗണിച്ച്, ശബരിമലയിൽവെച്ച് മരിക്കുന്ന ഭക്തരുടെ കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപവീതം ധനസഹായം നൽകാനും ബോർഡ് തീരുമാനിച്ചു. കഴിഞ്ഞവർഷം മാത്രം 54 തീർഥാടകർ ശബരിമലയിൽ മരിച്ചിരുന്നു.
Content Highlights: Mandatory digital payment system for all temple transactions., 550 out of 608 rooms available exclusively via online booking., Introduction of AI cameras for crowd management and security., New financial assistance of 1 lakh for families of deceased pilgrims., Technical audit team for transparency in construction works.