ശബരിമല വിമാനത്താവളം; ഭൂമിയേറ്റെടുക്കൽ കേന്ദ്രനയം പിൻതുടർന്നെന്ന് സർക്കാർ

#ബിജു പരവത്ത്
നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിച്ച സ്ഥലം | File Photo: Mathrubhumi
നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിച്ച സ്ഥലം | File Photo: Mathrubhumi

തിരുവനന്തപരും: സംസ്ഥാനത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിമലയിൽ വിഭാവനംചെയ്യുന്നതെന്നും അതിനുവേണ്ടി കേന്ദ്രനയം പിൻതുടർന്നാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതെന്നും സംസ്ഥാനസർക്കാർ. ശബരിമല വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേയുള്ള അപ്പീലിൽ ഈ വാദമാകും സംസ്ഥാനം ഉയർത്തുക.

പുതിയതായിവരുന്ന ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ടെർമിനൽ, റൺവേ എന്നിവയ്ക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഡൽഹിയിലെ നോയിഡയിൽ സ്ഥാപിക്കുന്ന പുതിയ വിമാനത്താവളത്തിന് 7200 ഏക്കറാണ് ഏറ്റെടുത്തത്. ഹൈദരാബാദിൽ 5500 ഏക്കറും ബെംഗളൂരുവിൽ 4000 ഏക്കറും തമിഴ്‌നാട്ടിലെ പരന്തരൂരിൽ 5367 ഏക്കറും ഏറ്റെടുത്തു. വിമാനത്താവളങ്ങൾ യാത്രക്കാർക്കുവേണ്ട അടിസ്ഥാന സൗകര്യംകൂടി ഉറപ്പാക്കും വിധത്തിലുള്ളതാകണമെന്നാണ് കേന്ദ്രനയത്തിലെ കാഴ്ചപ്പാട്.

2008-ലാണ് കേന്ദ്രനയം അംഗീകരിച്ചത്. ഇതിനുശേഷമാണ് കണ്ണൂർ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തുടങ്ങിയത്. വലിയവിമാനത്താവളത്തിനുപോലും 1200 ഏക്കർ മതിയാവുമ്പോൾ ശബരിമല വിമാനത്താവളത്തിന് എന്തിനാണ് 2570 ഏക്കർ എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്.

Content Highlights: Sabarimala Airport Government says land acquisition follows central policy