പാമ്പാടി ആർഐടി എൻജിനിയറിങ് കോളേജിൽ വൻ സംഘർഷം; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

പാമ്പാടി: കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (RIT) കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്ന് വൻ സംഘർഷം. അഞ്ച് മണിക്കൂറോളം സംഘർഷം നീണ്ടുനിന്നത് പരിഭ്രാന്തി പരത്തി. വൈകിട്ട് 5:30-ഓടെ ആരംഭിച്ച സംഘർഷം രാത്രി 10:30-ഓടെയാണ് നിയന്ത്രണവിധേയമായത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ എസ്എഫ്ഐ, കെഎസ്യു പ്രവർത്തകർ പ്രകടനത്തിനായി കോളേജിന് പുറത്തെത്തിയപ്പോഴാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിനിടയിൽ അമൽ ഷാദിൻ, ജമ്മു സ്വദേശിയായ ലക്ഷ് മഹാജൻ എന്നീ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ അമലിന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. ഇരു വിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജേക്കബിന്റെ നേതൃത്വത്തിൽ ഇരുവിഭാഗം നേതാക്കളുമായി ചർച്ചകൾ നടത്തി. പാമ്പാടി, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ, ഗാന്ധിനഗർ, മണിമല, പൊൻകുന്നം, അയർക്കുന്നം, മണർകാട് സ്റ്റേഷനുകളിൽ നിന്നും എ.ആർ ക്യാമ്പിൽ നിന്നും വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
Content Highlights: Clashes broke out between SFI and KSU activists after the RIT Pampady union election results.