തിരഞ്ഞെടുപ്പുജോലിക്കിടെ അപകടം, കെെയറ്റു; 5 മാസം 17 ശസ്ത്രക്രിയ, എന്നിട്ടും പാലക്കാട്ടേക്ക് ട്രാൻസ്ഫർ

ചേർത്തല: തിരഞ്ഞെടുപ്പു ജോലിക്കിടയിൽ പറ്റിയ അപകടത്തിൽ മരണമുഖത്തുനിന്നു തലനാരിഴയിടയ്ക്കു രക്ഷപ്പെട്ട ജീവനക്കാരിക്കുനേരേ റവന്യൂവകുപ്പിന്റെ ക്രൂരത. വലതുകൈ വേർപെട്ട് ആന്തരിക അവയവങ്ങൾക്കടക്കം പരിക്കേറ്റ പട്ടണക്കാട് വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്മിതാ ചന്ദ്രനെ ചേർത്തലയിൽനിന്ന് പാലക്കാട്ടേക്കാണു സ്ഥലംമാറ്റിയത്.
പട്ടിക ഇറങ്ങുന്നതിന്റെ അവസാനനിമിഷംവരെ സ്മിതയും കുടുംബവും ദയനീയാവസ്ഥ അറിയിച്ചിട്ടും അധികൃതർ കണ്ണുതുറന്നില്ല. 11-നു ജോലിയിൽ കയറണമെന്നാണ് ഉത്തരവ്.
അപകടത്തിൽ അറ്റുപോയ വലതുകൈ തുന്നിച്ചേർക്കാനടക്കം അഞ്ചുമാസത്തിനിടെ 17 ശസ്ത്രക്രിയകളാണു കഴിഞ്ഞത്. 31-ന് അടുത്ത ശസ്ത്രക്രിയയാണ്. സ്മിതയെ ചേർത്തല താലൂക്കിൽത്തന്നെ നിലനിർത്തണമെന്ന് ആലപ്പുഴ കളക്ടർ റിപ്പോർട്ടു കൊടുത്തിട്ടും ലാൻഡ്റവന്യൂ കമ്മിഷണർ ഓഫീസിൽനിന്നു പ്രതികരണമുണ്ടായില്ല.
ചേർത്തല മരുത്തോർവട്ടം അഭിരാമത്തിൽ സ്മിതാ ചന്ദ്രൻ (43) നിയമസഭാ തിരഞ്ഞെടുപ്പു പരിശീലന ക്ലാസിൽ പങ്കെടുക്കാൻ മാർച്ച് 11-ന് ഭർത്താവുമായി സ്കൂട്ടറിൽ പോകുംവഴി വളവനാട് കവലയിൽ ഗ്യാസ് ടാങ്കർ ലോറി തട്ടിയാണ് അപകടം സംഭവിച്ചത്.
തെറിച്ചുവീണ് ടാങ്കറിനടിയിൽപ്പെട്ട് പിൻചക്രം ശരീരത്തിലൂടെ കയറി. ചുമലിൽനിന്ന് കൈ വേർപെട്ടതിനൊപ്പം എട്ടു വാരിയെല്ലുകളൊടിഞ്ഞ് ശ്വാസകോശത്തിൽ തുളച്ചുകയറുകയും ചെയ്തു. മറ്റൊടിവുകൾ വേറേയും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. 20 ലക്ഷത്തോളം രൂപ ചെലവായി. ചികിത്സതേടിയ ആശുപത്രി മെഡിസെപ്പ് പട്ടികയിൽ ഇല്ലാത്തതിനാൽ ഇൻഷുറൻസ് തുകയും കിട്ടിയില്ല.
ആറുമാസം ഡിസെബിലിറ്റി അവധിയിലാണു സ്മിത. ഇത് ആറുമാസത്തേക്കു കൂടി നീട്ടേണ്ട അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം നൽകിയുള്ള സ്ഥലംമാറ്റം.
ആരോഗ്യപ്രശ്നങ്ങളുള്ളവരെ അതതു സ്ഥലത്തുനിലനിർത്താൻ ‘അനുകമ്പാ’ച്ചട്ടം ഉള്ളപ്പോഴാണ് ഈ നടപടി. നിലവിലെ പട്ടികയിൽ കൊല്ലം ജില്ലയിൽ ‘അനുകമ്പാ’നടപടി ഉണ്ടായിട്ടുമുണ്ട്.
കട്ടിലിൽനിന്ന് എണീക്കാൻ പറ്റാത്ത നിലയിലാണെന്നുകാട്ടി രേഖകൾ സഹിതം റവന്യൂ കമ്മിഷണറേറ്റിൽ അപേക്ഷ നൽകിയിരുന്നു. തിരഞ്ഞെടുപ്പുജോലിക്കിടെയാണ് അപകടമെന്ന് കളക്ടർ റിപ്പോർട്ടും നൽകിയിരുന്നു.
ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥനായ പി.ടി. രാജേഷാണ് ഭർത്താവ്. കോൺഗ്രസ് അനുകൂല സംഘടനയുടെ ജില്ല പ്രസിഡന്റാണു രാജേഷ്.
വിദ്യാർഥികളായ രണ്ടു പെൺമക്കളുണ്ട്. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് രാജേഷ്. ഇതും ചട്ടപ്രകാരം സ്മിതയെ ജില്ലയിൽ നിലനിർത്താൻ മതിയായ കാരണമാണ്. പക്ഷേ, അതും പരിഗണിച്ചില്ല.
Content Highlights: Smitha Chandran suffered critical injuries including a detached arm during election duty training in March., Despite 17 surgeries and pending medical procedures, she was transferred from Cherthala to Palakkad., Collector recommended retaining her in Cherthala, but the Land Revenue Commissioner ignored the request., Her husband is a kidney transplant survivor, making her eligible for retention under compassionate grounds.