വെണ്ടുരുത്തി റെയില്‍പാളത്തിന്റെ പില്ലറില്‍ മയക്കം, ഒന്നു തിരിഞ്ഞാല്‍ കായലില്‍; തമിഴ്‌നാട് സ്വദേശിയെ സാഹസികമായി രക്ഷപ്പെടുത്തി

റെയിൽവേ പാലത്തിന്റെ ഗർഡറിനടിയിൽ ആറാം തൂണിൽ മദ്യപിച്ച്‌ ഉറങ്ങിക്കിടന്ന കന്യാകുമാരി സ്വദേശി ഷാജിയെ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും കൂടി രക്ഷപ്പെടുത്തി കൊണ്ടുവരുന്നു
റെയിൽവേ പാലത്തിന്റെ ഗർഡറിനടിയിൽ ആറാം തൂണിൽ മദ്യപിച്ച്‌ ഉറങ്ങിക്കിടന്ന കന്യാകുമാരി സ്വദേശി ഷാജിയെ പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും കൂടി രക്ഷപ്പെടുത്തി കൊണ്ടുവരുന്നു

കൊച്ചി: വെണ്ടുരുത്തി റെയില്‍വേ പാലത്തിനു താഴെ പില്ലറില്‍ കായലിലേക്ക് വീഴാവുന്ന തരത്തില്‍ മയങ്ങിക്കിടന്നയാളെ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. കന്യാകുമാരി സ്വദേശി പി.എഫ്. ഷാജി (59) യെയാണ് വല ഉപയോഗിച്ച് ഉയര്‍ത്തിയെടുത്തത്. പിന്നീട് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ 10.50-നാണ് റെയില്‍വേ പാലത്തിലെ ആറാംനമ്പര്‍ പില്ലറിനു താഴെ ഒരാള്‍ അവശനിലയില്‍ കിടക്കുന്ന വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. ഉടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ എത്തി. എന്നാല്‍, റെയില്‍പ്പാലത്തിന്റെ തൂണിലെ ഇടുങ്ങിയ സ്ഥലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.

മട്ടാഞ്ചേരി, ക്ലബ് റോഡ് എന്നിവിടങ്ങളില്‍നിന്ന് അഗ്‌നി രക്ഷാസേന എത്തി, വടംകെട്ടി റെയില്‍വേ പാലത്തിന്റെ താഴെയിറങ്ങി. വലയില്‍ ഇരുത്തി റോപ്പിലൂടെ വലിച്ച് അര മണിക്കൂറിനകം ഇദ്ദേഹത്തെ പാലത്തിനുമുകളില്‍ എത്തിക്കുകയായിരുന്നു. ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ ആരുമില്ലെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പില്ലറില്‍ കയറിയതെന്ന് സംശയിക്കുന്നു.

കിടക്കുന്നയിടത്ത് നിന്നുതിരിഞ്ഞാല്‍ പോലും കായലില്‍ വീഴാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

Content Highlights: A Tamil Nadu native, 59, was rescued from a precarious position on a Vyttila railway pillar, just inches from falling into the backwaters, by fire and police forces