ഗാഡ്ഗിലിന്‍റെ വേർപാട് നികത്താനാകാത്ത നഷ്ടം – എം.വി. ശ്രേയാംസ് കുമാർ

മാധവ് ഗാഡ്ഗില്‍, എം.വി. ശ്രേയാംസ് കുമാര്‍
മാധവ് ഗാഡ്ഗില്‍, എം.വി. ശ്രേയാംസ് കുമാര്‍

കോഴിക്കോട്: അന്തരിച്ച പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ പ്രവർത്തനങ്ങളെ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അനുസ്മരിക്കുന്നു.  

ലോകം മുഴുവൻ അംഗീകരിച്ച് ബഹുമാനിച്ചിരുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു മാധവ് ഗാഡ്ഗിൽ. പ്രാദേശിക സമൂഹങ്ങളെ പങ്കാളികളാക്കിക്കൊണ്ടുള്ള പ്രകൃതിസംരക്ഷണമാണ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം. എല്ലാ ജീവജാലങ്ങളുടെയും ആധാരം പ്രകൃതിയാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം വലിയ പഠനമാണ് നടത്തിയത്. ലോകത്തെ തന്നെ പ്രധാനപ്പെട്ട പത്ത് ആവാസവ്യവസ്ഥകളിൽ ഒന്നാണ് പശ്ചിമഘട്ടം. അതിന്റെ സംരക്ഷണം വളരെ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ടുതന്നെ അതിനുവേണ്ടി അദ്ദേഹം വളരെയധികം പ്രയത്‌നിച്ചു. ബയോളജിക്കൽ ഡൈവേഴ്‌സിറ്റി ആക്ട്, ഫോറസ്റ്റ് റൈറ്റ്‌സ് ആക്ട് എന്നീ നിയമങ്ങളുടെ നിർമാണത്തിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമാണ്. ഇക്കാര്യങ്ങളെക്കുറിച്ച് ഇത്രയധികം പഠനം നടത്തിയ വ്യക്തികൾ വളരെ കുറവാണ്. പ്രാദേശികസമൂഹങ്ങളെ പങ്കാളികളാക്കിക്കൊണ്ട് എത്തരത്തിലാണ് നമുക്ക് പ്രകൃതി സംരക്ഷിക്കാനും മാനവരാശിയ്ക്ക് മുന്നോട്ടുപോകാനും സാധിക്കുക എന്നതുസംബന്ധിച്ചുള്ള പ്രധാന ഘടകങ്ങളെല്ലാം വളരെ ആഴത്തിൽ പഠിച്ച വ്യക്തിയാണ് അദ്ദേഹം. ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരവും പത്മഭൂഷണും ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. രാജ്യത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട നയങ്ങൾ രൂപവത്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ്, അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടം തന്നെയാണ്.

Content Highlights: M.V. Shreyams Kumar pays tribute to renowned environmentalist Madhav Gadgil, highlighting his work on conservation, Western Ghats, and critical environmental laws.