'പ്രധാനമന്ത്രി എന്റെ സമ്മാനം വാങ്ങിയല്ലോ, സന്തോഷമായി'; മോദി കണ്ടു, മഹാഗണിയിൽ തീർത്ത 'മോദി’യെ

#ടി.ജെ. ശ്രീജിത്ത്/ഫോട്ടോ: എം.വി. സിനോജ്
തടിയിൽ കൊത്തിയ പ്രധാനമന്ത്രിയുടെ രൂപവുമായി റെജിമോൻ | ഫോട്ടോ എം.വി. സിനോജ്
തടിയിൽ കൊത്തിയ പ്രധാനമന്ത്രിയുടെ രൂപവുമായി റെജിമോൻ | ഫോട്ടോ എം.വി. സിനോജ്

കൊച്ചി: 'ഏയ് അങ്ങനെയൊന്നും പ്രധാനമന്ത്രിക്ക് സമ്മാനം കൊടുക്കാനൊന്നും പറ്റില്ല...' പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. അതു കേട്ട അൻപത്തിനാലുകാരൻ റെജിമോൻ റോഡിൽനിന്ന്‌ നിരാശയോടെ ബാരിക്കേഡിനുള്ളിലേക്ക് കയറി. പക്ഷേ, മോദിയുടെ റോഡ് ഷോയിൽ റെജിമോനെ കാത്തിരുന്നത്‌ ഒരു ഭാഗ്യമായിരുന്നു... പുഷ്പവൃഷ്ടികൾക്കും ജയ് വിളികൾക്കുമിടയിൽ റെജിമോൻ ഉയർത്തിക്കാട്ടിയ ശില്പം മോദി കണ്ടു. അത് വാങ്ങാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മോദിയുടെ വാഹനത്തിനൊപ്പം നടന്നു നീങ്ങിയ എസ്.പി.ജി. ഉദ്യോഗസ്ഥരിൽ ഒരാൾ ആ ശില്പം വാങ്ങി, തൊട്ടുപിന്നിലെ കാറിലേക്ക് നൽകി.

ഇടുക്കി പണിക്കൻകുടിയിൽ നിന്നെത്തിയതാണ് റെജിമോനും സംഘവും. മരപ്പണിക്കാരനായ റെജിമോൻ മുപ്പത് ദിവസമെടുത്ത് മഹാഗണി മരത്തിൽ കൊത്തിയെടുത്തതാണ് മോദിയുടെ രൂപം, പ്രധാനമന്ത്രിക്ക് സമ്മാനിക്കാൻ. വൈകീട്ട് നാലുമണിയോടെയാണ് റെജിമോനും സംഘവും എറണാകുളം ജനറൽ ആശുപത്രി ജങ്‌ഷനിൽ എത്തിയത്. ഒരു സഞ്ചിയിലായിരുന്നു മഹാഗണിയിലെ മോദി രൂപം. അല്പം ശങ്കിച്ചാണ് പുറത്തെടുത്തത്. കൂടെയുള്ളവരാണ് പോലീസ് ഓഫീസറോട് പറഞ്ഞു നോക്കാമെന്ന ബുദ്ധി ഉപദേശിച്ചത്. അത് വിഫലമായതോടെ എന്തു ചെയ്യണമെന്നറിയാതെ നില്പായി. എന്തായാലും റോഡ്‌ ഷോയ്ക്കിടയിൽ കാണിക്കാം എന്ന് റെജിമോൻ തന്നെയാണ് പറഞ്ഞത്.

പതിനാറു വയസ്സിൽ മരത്തിൽ കൊത്തി ത്തുടങ്ങിയതാണ് റെജിമോൻ. വലിയ ആഗ്രഹമായിരുന്നു സ്വന്തം കൈയാൽ കൊത്തിയ സമ്മാനം ഇഷ്ട നേതാവായ നരേന്ദ്ര മോദിക്ക് നൽകണമെന്നത്. തൃശ്ശൂരിലെത്തിയപ്പോൾ നൽകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പോളിഷിങ് കഴിഞ്ഞിരുന്നില്ല. 'സുരേഷ് ഗോപിയോട് പറഞ്ഞാൽ നടക്കുമെന്ന് ചിലർ പറഞ്ഞു.

നമ്പറൊക്കെ സംഘടിപ്പിച്ച് വാട്‌സ് ആപ്പിൽ വിവരമറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കത്തയച്ചിരുന്നു...' റെജിമോൻ പറഞ്ഞു. 'എന്തായാലും പ്രധാനമന്ത്രി എന്റെ സമ്മാനം വാങ്ങിയല്ലോ, വല്യ സന്തോഷമായി...

Content Highlights: rejimon gave his gift to prime minister narendra modi