കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്പ്രിംക്ലര്‍ കരാര്‍ സംബന്ധിച്ച സുപ്രധാന കേസ് നാളെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് വിഷയത്തില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഐസി (നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍) പ്രാപ്തമാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും സ്പ്രിംക്ലറും തമ്മിലുള്ള കരാറിനെ കേന്ദ്രം തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.
കരാര്‍ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഐ.ടി ആക്ടിന് വിധേയമായിട്ടായിരിക്കണം. സ്പ്രിംക്ലര്‍ കരാറില്‍ അതുസംബന്ധിച്ച വ്യവസ്ഥകളില്ല. ന്യൂയോര്‍ക്ക് കോടതിയിലാണ് കേസ് അടക്കമുള്ളവ നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയാണ്. അത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Ready to handle COVID 19 patients' data - Central Government
Content Highlights: