രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം പുരസ്‌കാരം ഷബിതയ്ക്ക്

ന്യൂഡല്‍ഹി: രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേണലിസം പുരസ്‌കാരം മാതൃഭൂമി സബ് എഡിറ്റർ ഷബിത എം.കെയ്ക്ക്.
പ്രാദേശികഭാഷകളിലെ മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങിനുള്ള 2021-ലെ പുരസ്‌കാരമാണ് ലഭിച്ചത്. മാതൃഭൂമി പത്രത്തില്‍ 2021 ഓഗസ്റ്റ് 25 മുതൽ 30 വരെ അഞ്ചുലക്കങ്ങളായി പ്രസിദ്ധീകരിച്ച 'അകത്താണ് അമ്മ' എന്ന പരമ്പരയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പുരസ്‌കാരം കൈമാറിയത്.
തുടര്‍ച്ചയായി രണ്ടാംതവണയാണ് രാംനാഥ് ഗോയങ്ക അവാര്‍ഡിന് ഷബിത അര്‍ഹയാകുന്നത്.
കേരളത്തിലെ മൂന്ന് വനിതാജയിലുകളിലെ തടവുകാരികളുടെ ജീവിതവും കുറ്റകൃത്യങ്ങളുടെ സ്വഭാവവും പശ്ചാത്തലവും അന്തേവാസികളുടെ മാനസിക ശാരീരികാരോഗ്യവും വിശദമായി ചർച്ച ചെയ്ത പരമ്പര പ്രസിദ്ധീകരിച്ചു വന്നപ്പോൾ മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടന വിചാരണ നേരിടുന്ന തടവുകാരികളുടെ കേസുകളുടെ നിജസ്ഥിതി പഠിച്ച് അർഹമായവർക്ക് സൗജന്യ നിയമ സഹായം നൽകാനായി മുന്നോട്ടു വന്നതും കേസുകൾ ഏറ്റെടുത്തതും പരമ്പരയുടെ വലിയൊരു ഇംപാക്ട് ആയിരുന്നു.
എഴുത്തുകാരി കൂടിയായ ഷബിത ബാലുശ്ശേരി പുതിയേടത്ത് ബാലന്‍ നായരുടെയും അത്തോളി മുണ്ടികണ്ടി ഉഷാദേവിയുടെയും മകളാണ്. പുതുപ്പാടി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സജീഷ് ഗോവിന്ദ് ആണ് ഭർത്താവ്.
Content Highlights: ramnath goenka excellence in journalism awards, shabitha m k