രമേശ് ചെന്നിത്തല തിരികെയെത്തി, സ്വീകരിച്ച് പ്രവർത്തകർ; സതീശനെത്തും മുമ്പ് വീട്ടിൽ നിന്ന് മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തലസ്ഥനത്തെത്തി. ഗുരുവായൂർ ദർശനത്തിന് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നിത്തലയെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. കണ്ണേ കരളേ ചെന്നിത്തലേ, ഞങ്ങൾക്കൊന്നേ നേതാവുള്ളൂ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ചെന്നിത്തലയേ സ്വീകരിച്ചത്.
എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരിൽ തൊഴാൻ പോകാറുണ്ടെന്നും ആ നിലയ്ക്കാണ് വെള്ളിയാഴ്ച ദർശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് ഇപ്പോഴും അദ്ദേഹം മൗനം തുടരുകയാണ്. ഇന്ന് രാവിലെ തന്നെ മാധ്യമപ്രവർത്തകരോട് ആവശ്യമായ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം പുതിയതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിസഭയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ, രാവിലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
അതേസമയം വീട്ടിലെത്തി അധിക സമയം കഴിയും മുമ്പ് സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. ചെന്നിത്തലയെ കാണാൻ വി.ഡി സതീശനെത്തുമെന്ന വിവരങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം വീട്ടിൽ നിന്ന് മാറിയത്.
വി.ഡി. സതീശനെ പുതിയ ദൗത്യത്തിലേക്ക് നിയോഗിച്ച കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം രാവിലെ പറഞ്ഞിരുന്നു. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
Content Highlights: Senior Congress leader Ramesh Chennithala arrives in Thiruvananthapuram after Guruvayur visit.