കോട്ടയത്തെ ആകാശപ്പാത പൂര്‍ത്തിയാക്കാത്തതിന് പിന്നില്‍ രാഷ്ട്രീയം, ജനങ്ങളോട് മറുപടി പറയണം- ചെന്നിത്തല

രമേശ് ചെന്നിത്തല | Photo: Mathrubhumi
രമേശ് ചെന്നിത്തല | Photo: Mathrubhumi

കോട്ടയം: കോട്ടയത്തെ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ്. എം.എല്‍.എമാരുടെ മണ്ഡലത്തിലെ പദ്ധതികളോട് സര്‍ക്കാരിന് ചിറ്റമ്മനയമാണെന്നും അദ്ദേഹം ആരോപിച്ചു. 

തൃശ്ശൂരിലെയും കൊല്ലത്തെയും ആകാശപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയായത് അവിടങ്ങളില്‍ എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ ആയതിനാലാണ്. കോട്ടയത്ത് മാത്രം പൂര്‍ത്തിയാകാത്തതിന് കാരണം ഇവിടുത്തെ എം.എല്‍.എ. കോണ്‍ഗ്രസിന്റെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണെന്നതാണ്, ചെന്നിത്തല പറഞ്ഞു. 

ഒരു വികസനവും നാട്ടില്‍ നടക്കുന്നില്ലെന്ന് വിമര്‍ശിച്ച ചെന്നിത്തല, ബജറ്റില്‍ പണം ഉള്‍പ്പെടുത്തിയ ആകാശപ്പാത പദ്ധതി പോലും പൊളിച്ചു കളയണമെന്നാണ് മന്ത്രി പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 1.30 കോടി രൂപ ആകാശപ്പാതയ്ക്കു വേണ്ടി ഇതിനകം ചെലവാക്കി. ബാക്കി പണം അനുവദിക്കാതെ കഴിഞ്ഞ എട്ടുകൊല്ലമായി കോട്ടയത്തെ ജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാര്‍, ജനങ്ങളോട് മറുപടി പറയണം. കൊല്ലത്തെയും തൃശ്ശൂരിലെയും ആകാശപാത പൂര്‍ത്തീകരിക്കാം. അതിനൊന്നും ഒരു സാങ്കേതിക തടസ്സവുമില്ല. കോട്ടയത്തെ പാത മാത്രമാണ് പൂര്‍ത്തീകരിക്കാതിരിക്കുന്നത്. അതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോപിച്ചു. 

'നമ്മള്‍ ഇനി ഒന്നര വര്‍ഷം മാത്രം കാത്തിരുന്നാല്‍ മതിയെന്നും സര്‍ക്കാര്‍ മാറുമെന്നും പറഞ്ഞ ചെന്നിത്തല ആണുങ്ങള്‍ വന്ന് ആകാശപ്പാത പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും പൊളിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ എതിര്‍ക്കുമെന്നും' ചെന്നിത്തല പറഞ്ഞു. 

Content Highlights: ramesh chennithala on kottayam skywalk project implementation