നാട്ടില്‍ ആരെങ്കിലും തയ്യല്‍ക്കട തുടങ്ങുന്നത് രാജീവിന്റെ അക്കൗണ്ടിലാകില്ല; തരൂരിനെ തള്ളി ചെന്നിത്തല

ശശി തരൂര്‍, രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി
ശശി തരൂര്‍, രമേശ് ചെന്നിത്തല | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്ന ശശി തരൂര്‍ എം.പിയുടെ പ്രസ്താവനയെ തള്ളി രമേശ് ചെന്നിത്തല. കേരളം വ്യവസായ സൗഹൃദമാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ലെന്നും മൂന്നുലക്ഷം വ്യവസായങ്ങള്‍ ഇവിടെ വന്നുവെന്ന് പറയുന്നതും വ്യവസായങ്ങള്‍ വളരുന്നു, വ്യവസായ സൗഹൃദമെന്ന് ആവര്‍ത്തിക്കുന്നതും ശുദ്ധ തട്ടിപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാട്ടില്‍ ആരെങ്കിലും ചെറിയ ബോട്ടിക്കും തയ്യല്‍ക്കടയും തുടങ്ങുന്നതെല്ലാം രാജീവിന്റെ അക്കൗണ്ടില്‍വരുന്ന കാര്യമല്ല. അതൊക്കെ സ്വാഭാവികമായി നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ്. തയ്യല്‍ക്കടകളും ചെറിയ കടകളും തുടങ്ങിയതെല്ലാമെടുത്ത് ഇതെല്ലാം വ്യവസായമാണെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് വ്യവസായങ്ങള്‍ വരികയോ വളരുകയോ ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല, പലതും പൂട്ടിപോകുകയും പൊതുമേഖല സ്ഥാപനങ്ങള്‍ നാഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുകയാണിവിടെ. ഇതെല്ലാം സി.പി.എമ്മിന്റെ പ്രചാരവേല മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. ശശി തരൂരിന്റെ അഭിപ്രായം തെറ്റിദ്ധാരണമൂലം പറഞ്ഞതാകാനാണ് സാധ്യത. അദ്ദേഹത്തിന് ഇക്കാര്യങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടാവില്ല. മന്ത്രി പറഞ്ഞ വിവരങ്ങള്‍ മാത്രമായിരിക്കും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാകുകയെന്നും ചെന്നിത്തല പറഞ്ഞു. 

ഒരു മിനിറ്റില്‍ വ്യവസായം തുടങ്ങാന്‍ കഴിയുമെന്ന് പറഞ്ഞ് ആളുകള്‍ക്കിടയില്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, ഒരു മിനിറ്റില്‍ വ്യവസായങ്ങള്‍ പൂട്ടുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും ഇവിടെ പുതുതായി ഒരു വ്യവസായവും വരുന്നില്ലെന്നും ചെന്നിത്തല ആവര്‍ത്തിച്ചു. ശശി തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണുയടെ പുറത്തുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തരൂര്‍ ഏത് സാഹചര്യത്തിലാണ് കേരളം വ്യവസായ സൗഹൃദമാണെന്ന് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്നാല്‍, പുതിയ വ്യവസായങ്ങള്‍ ഒന്നും കേരളത്തില്‍ വരുന്നില്ലെന്നുള്ളതാണ് വസ്തുത. ഇക്കാര്യങ്ങള്‍ ശശി തരൂരിനെ ബോധ്യപ്പെടുത്തും. നാട്ടിലെ യുവാക്കളെല്ലാം പഠിക്കാനും ജോലി ചെയ്യാനുമായി വിദേശത്തേക്ക് പോകുന്നതാണ് കേരളത്തിലെ അവസ്ഥ. ഇത്തരം കാര്യങ്ങളെല്ലാം രേഖകള്‍ വെച്ച് ഞങ്ങള്‍ ശശി തരൂരിനെ ബോധ്യപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് തരൂര്‍, പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തിയത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2021 ജൂലായ് ഒന്നിനും 2023 ഡിസംബര്‍ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം 254 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. 'രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാന്‍ മൂന്നുദിവസം മതിയാവുമ്പോള്‍ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കില്‍ ആശ്ചര്യകരമായ മാറ്റമാണ്'-തരൂര്‍ വിവരിക്കുന്നു. കേരളത്തില്‍ അനുമതികള്‍ അവിശ്വസനീയ വേഗത്തിലാണ് നല്‍കുന്നതെന്നത് യാഥാര്‍ഥ്യമാണെന്നും തരൂര്‍ സാക്ഷ്യപ്പെടുത്തുന്നു.

Content Highlights: Ramesh Chennithala disputes Shashi Tharoor claim of Kerala industrial growth