‘ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽനിന്ന് വാസവന് ഒഴിയാനാകില്ല,സർക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധം’

#ന്യൂസ് ഡെസ്ക്
രമേശ് ചെന്നിത്തല | Photo: Mathrubhumi
രമേശ് ചെന്നിത്തല | Photo: Mathrubhumi

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞുനിൽക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോകമെമ്പാടും ശബരിമലയുടെ പ്രശസ്തി വർദ്ധിപ്പിക്കാനാണെന്നാണ് സർക്കാർ അവകാശപ്പെട്ടത്. ഇപ്പോൾ അവിടെ നടക്കുന്ന വെട്ടിപ്പ് കൊണ്ട് ലോകമെമ്പാടും ശബരിമല പ്രശസ്തി ആർജ്ജിച്ചിരിക്കുകയാണ്. ആഗോള സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി മുൻകൈ എടുത്തത് ദേവസ്വംമന്ത്രിയാണ്. നിർദേശങ്ങൾ കൊടുത്തത് മന്ത്രിയാണ്. അത് വൻ നേട്ടമാണെന്ന് പറഞ്ഞ് അഭിമാനം കൊണ്ടത് ഈ മന്ത്രിയാണ്. പക്ഷേ തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ തനിക്ക് ഉത്തരവാദിത്വമില്ല, എല്ലാം ബോർഡിന്റെ തലയിലാണ് എന്ന് പറഞ്ഞ് ദേവസ്വം മന്ത്രിക്ക് എങ്ങനെ ഒഴിയാൻ കഴിയുമെന്നും ചെന്നിത്തല ആരാഞ്ഞു.

വി.എൻ. വാസവനെതിരെയുള്ള അവകാശ ലംഘന നോട്ടീസ് കഴിഞ്ഞ ദിവസം സ്പീക്കർക്ക് നൽകിയിട്ടുണ്ട്. നിയമസഭയിൽ മന്ത്രി പറഞ്ഞ മറുപടികൾക്ക് കടകവിരുദ്ധമായിട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചിട്ട്, ആ സംഗമം കഴിഞ്ഞിട്ടാണ് സ്പോൺസർമാരെ തിരക്കി നടക്കുന്നത്. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? പരിപാടിക്ക് സ്പോൺസർമാരെ നേരത്തെയാണ് തീരുമാനിക്കുന്നത്, കണ്ടെത്തുന്നത്. ഇവിടെ പരിപാടി കഴിഞ്ഞിട്ട് സ്പോൺസർമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ടെൻഡർ വിളിക്കാതെയാണ് ഊരാളുങ്കലിന്റെ സബ്സിഡിയറി കമ്പനിക്ക് ചുമതല ഏൽപ്പിച്ചത്. അടിമുടി ഇതിനകത്ത് അഴിമതിയാണ്. ആ അഴിമതിയിൽ നിന്നും മന്ത്രിക്ക് മാറി നിൽക്കാൻ സാധ്യമല്ല. അയ്യപ്പഭക്തന്മാരോട് വലിയ ക്രൂരതയാണ് സർക്കാർ കാണിക്കുന്നത്, ചെന്നിത്തല വിമർശിച്ചു. ശരിയായ അന്വേഷണം ഈ കാര്യത്തിൽ ഉണ്ടാകണം.അങ്ങിനെ ഉണ്ടായാൽ പലരും അഴി എണ്ണേണ്ടി വരും. ഈ സർക്കാരിന് ശബരിമലയോട് ഇത്രയും വലിയ വിരോധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. യുവതീ പ്രവേശത്തിൽ തുടങ്ങിയതാണ്, ഇപ്പോൾ ആഗോളസംഗമത്തിലെത്തി നിൽക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനകത്ത് പരിപൂർണ്ണമായ ഐക്യം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും ഇത്തവണ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ സീറ്റുകൾ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. എല്ലാ കാലഘട്ടങ്ങളിലും ചെറുപ്പക്കാർക്ക് പാർട്ടി പ്രാധാന്യം കൊടുക്കാറുണ്ട്, ഇത്തവണയും അതുണ്ടാകും. എംപിമാരുടെ കാര്യത്തിലൊക്കെ കോൺഗ്രസ് ഹൈക്കമാൻഡ് ആണ് തീരുമാനമെടുക്കേണ്ടത്. അതെല്ലാം തെരഞ്ഞെടുപ്പ് സമിതിയാണ് തീരുമാനിക്കേണ്ടത്. വിജയസാധ്യതയുള്ള കർമനിരതരായ സ്ഥാനാർഥികളെ വെക്കാനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഏതായാലും ഒരു കാര്യം വളരെ വ്യക്തമാണ്, കേരളത്തിലെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. ഈ സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്, ചെന്നിത്തല പറഞ്ഞു.

നാട്ടിലെ മുഴുവൻ ജനങ്ങളുടെയും അഭിപ്രായമാണ് കെ. സച്ചിദാനന്ദൻ  പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നികൃഷ്ടമായ സൈബർ ആക്രമണമാണ് അദ്ദേഹത്തിനെതിരെ നടക്കുന്നുത്. സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായി ഈ സർക്കാർ നിയോഗിച്ച ആളാണ്. എത്ര മോശമായും മ്ലേച്ഛമായ നിലയിലുമാണ് അദ്ദേഹത്തെയൊക്കെ അപമാനിച്ചു കൊണ്ടിരിക്കുന്നത്. സത്യം പറയുന്നവരെ മുഴുവൻ അപമാനിക്കുകയാണ് ഇവരുടെ ജോലി, ചെന്നിത്തല കൂട്ടിച്ചേർത്തു. 

Content Highlights: ramesh chennithala against vn vasavan on ayyappa sangamam financial irregularities