ട്രെയിനിലിരുന്ന് കേസ് കേട്ടു, സ്പോട്ടിൽ പിഴ; മജിസ്ട്രേറ്റിന്റെ ഒറ്റ റെയ്ഡിൽ കിട്ടിയത് ഒരു ലക്ഷത്തിലേറെ

#പി.പി.ലിബീഷ് കുമാർ
റെയിൽവേ മജിസ്‌ട്രേറ്റ് തീവണ്ടി കോച്ചിൽ കേസ് പരിശോധിക്കുന്നു
റെയിൽവേ മജിസ്‌ട്രേറ്റ് തീവണ്ടി കോച്ചിൽ കേസ് പരിശോധിക്കുന്നു

പയ്യന്നൂർ: തീവണ്ടി കോച്ചിനുള്ളിൽ മജിസ്ട്രേറ്റിന്റെ കേസ് പരിശോധന.
റെയിൽവേയും സംസ്ഥാന അധികൃതരും സംയുക്തമായാണ് തീവണ്ടിയിൽ മൊബൈൽ കോടതി നടപ്പാക്കിയത്. ചെന്നൈ-മംഗളൂരു മെയിലിൽ (12601) കോഴിക്കോടുമുതൽ തലശ്ശേരിവരെ മജിസ്റ്റീരിയൽ ചെക്ക് നടത്തി.
വാതിൽപ്പടി യാത്ര, ടിക്കറ്റില്ലാതെയുള്ള യാത്ര, പൊതുസ്ഥലത്തെ ശല്യപ്പെടുത്തൽ, അനധികൃത കച്ചവടം എന്നീ വകുപ്പുകളിൽ കേസെടുത്തു. ഏറനാട് എക്സ്പ്രസിൽ തലശ്ശേരിമുതൽ താനൂർവരെയും ചെന്നൈ എഗ്മോർ എക്സ്പ്രസിൽ താനൂർമുതൽ കോഴിക്കോടുവരെയും പരിശോധന നടത്തി.

കോടതി ചുമത്തിയ പിഴയിനത്തിൽ 67 കേസുകളിലായി 39,830 രൂപ പിഴ ഈടാക്കി. ടിക്കറ്റില്ലാതെ യാത്രചെയ്ത 119 യാത്രക്കാരിൽനിന്ന് 72,400 രൂപ പിഴയായി ഈടാക്കി. ആകെ 1.12 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. മജിസ്‌ട്രേറ്റ് ബാബുരാജ് പാറമ്മലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ടിക്കറ്റ് പരിശോധകരും സ്ക്വാഡ് ടി.ടി.ഇ.മാരും ആർ.പി.എഫ്. ഉദ്യോഗസ്ഥരും പങ്കെടുത്തു.