ഗുരുദർശനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സത്ത ഒന്ന്- രാഹുൽ ഗാന്ധി

ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ശിവഗിരി മഠത്തിന്റെ ഉപഹാരം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ജ്ഞാനതീർത്ഥാടനന്ദ എന്നിവർ ചേർന്ന് നൽകുന്നു. കെ.സി. വേണുഗോപാൽ, ഡോ. ഫാദിൽ എച്ച്. വീരാൻകുട്ടി തുടങ്ങിയവർ സമീപം
ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ശിവഗിരി മഠത്തിന്റെ ഉപഹാരം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി ജ്ഞാനതീർത്ഥാടനന്ദ എന്നിവർ ചേർന്ന് നൽകുന്നു. കെ.സി. വേണുഗോപാൽ, ഡോ. ഫാദിൽ എച്ച്. വീരാൻകുട്ടി തുടങ്ങിയവർ സമീപം

കൊല്ലം: ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളുടെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തസ്സത്ത ഒന്നാണെന്ന് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ശിവഗിരി മഠവും രാജീവ് ഗാന്ധി പഠനകേന്ദ്രവും ചേർന്ന് കൊല്ലത്ത് സംഘടിപ്പിച്ച ’ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിട്ടുവീഴ്ചയും മാപ്പുകൊടുക്കലുമാണ് ഗുരുദർശനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സത്ത. മാമ്പഴം മോഷ്ടിച്ചയാളെപ്പോലും ഹിംസിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. തെറ്റ് അദ്ദേഹത്തെ ധരിപ്പിക്കുന്നതിനുപകരം എന്തിന് പ്രഹരിക്കണമെന്നാണ് ഗുരു ചോദിച്ചത്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കു നയിക്കണേ എന്ന പ്രാർഥനയാണ് ഗുരു ഉരുവിട്ടത്. എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിൽ മാത്രമല്ല, രാജ്യാന്തരമായി പോലും ആളുകൾ ഇരുട്ടിലേക്ക്‌ കൂപ്പുകുത്തുകയാണ്. അപരനെ മനസ്സിലാക്കാൻ ശ്രമിക്കാതെ ബോംബ്‌െവച്ച്‌ അവരെ തകർക്കുകയാണ്. അതുതന്നെയാണ് രാഷ്ട്രീയത്തിലും നടക്കുന്നത്. ഗുരുദേവകൃതിയായ ദൈവദശകത്തിന്റെ അന്തസ്സത്തയാണ് ഇന്ത്യൻ ഭരണഘടനയുടെ കാതൽ-അദ്ദേഹം പറഞ്ഞു.

ഗുരുദേവനും മഹാത്മാഗാന്ധിയും മുന്നോട്ടുവെച്ച ദർശനങ്ങൾ ഏറ്റെടുക്കാനും പ്രാവർത്തികമാക്കാനും നമ്മൾ തയ്യാറാകണം. ഗുരുദേവന്റെ പ്രതിമയ്ക്കുമുന്നിൽ വന്ന് ആർക്കും പുഷ്പാർച്ചന നടത്താം. എന്നാൽ ഗുരുദർശനം മനസ്സിലാക്കി ആ വഴിയിലൂടെ സഞ്ചരിക്കുകയാണ് പ്രധാനം. ഗുരുദേവനും ഗാന്ധിജിക്കും അധികാരമോ സമ്പത്തോ ഉണ്ടായിരുന്നില്ല. എന്നാൽ അക്കാലത്തെ ഏറ്റവും വലിയ കരുത്തർ അവർ ഇരുവരുമായിരുന്നു. ധാർമ്മികശക്തിയായിരുന്നു ഇരുവരുടെയും കരുത്തെന്നും രാഹുൽഗാന്ധി പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മഹാസമാധി സന്ദേശം നൽകി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ., എം.പി.മാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, സ്വാഗതസംഘം ചെയർമാൻ അടൂർ പ്രകാശ് എം.പി., ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, എം. ലിജു തുടങ്ങിയവർ സംസാരിച്ചു. മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.

Content Highlights: Rahul Gandhi highlights the shared essence of compassion in Guru's teachings and the Constitution., Emphasis on non-violence and understanding others over political polarization., Moral strength as the ultimate power, transcending wealth and authority., Call to action to follow the path of Guru and Gandhi rather than just rituals.