ഈ പ്രായത്തിൽ ട്രെയിൻയാത്ര പ്രയാസമാണ്; വിമാനയാത്ര വാഗ്ദാനംചെയ്തു, പക്ഷേ ഞാൻ നിരസിച്ചു- ശ്രീലേഖ

ആർ. ശ്രീലേഖ | Photo: Mathrubhumi
ആർ. ശ്രീലേഖ | Photo: Mathrubhumi

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ ഡൽഹിയാത്രയിൽനിന്ന് വിട്ടുനിന്നതിൽ വിശദീകരണവുമായി ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവരുടെ പ്രതികരണം.

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ നേതൃത്വത്തിൽ  ചരിത്രവിജയമാണ് നേടിയിരിക്കുന്നത്. അങ്ങനെ വലിയ ഉത്സാഹത്തിമിർപ്പിലിരിക്കുമ്പോഴാണ് ഡൽഹിയിൽനിന്ന് വിളിക്കുന്നത്, കുറച്ചുപേർ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കണമെന്ന്. കേരള എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് പോകുന്നു. എല്ലാ സ്ഥലത്തും നിർത്തി നിർത്തി സ്വീകരണം വാങ്ങുന്നു. രണ്ട് ദിവസം നിൽക്കുന്നു. 13-ാം തീയതി രാത്രിയിലോ മറ്റോ ആണ് തിരിച്ചുവരുന്നതെന്ന് പറഞ്ഞു. 14 പേരാണ് തിരുവനന്തപുരത്തുനിന്ന് പോകാൻ തീരുമാനിച്ചത്, ശ്രീലേഖ പറഞ്ഞു.

ഈ പ്രായത്തിൽ ഇത്രയും വലിയ യാത്ര കേരള എക്‌സ്പ്രസിൽ നടത്താൻ പ്രയാസമാണെന്ന് പറഞ്ഞു. അപ്പോൾ ഫ്‌ലൈറ്റിൽ വേണമെങ്കിൽ അറേഞ്ച് ചെയ്യാമെന്ന് ഓഫറുണ്ടായിരുന്നതാണ്. വെറുതെ കാശ് കളയുന്നത് എന്തിനെന്ന് ഞാൻ പറഞ്ഞു. പണം അനാവശ്യമായി മുടക്കുന്നതിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. തിരഞ്ഞെടുപ്പിൽ പോലും പിടിച്ചാണ് ഓരോ ചെലവും നടത്തിയത്. ഇത്രയും ആൾക്കാരെ കയറ്റി ഡൽഹിയിലേക്ക് പോകുമ്പോൾ നല്ല ചെലവാണ് പാർട്ടിക്ക്. താൻ കാരണം അത്ര ചെലവുണ്ടാകേണ്ട എന്ന് കരുതി, ശ്രീലേഖ പറഞ്ഞു.

വ്യക്തിപരമായ കുറച്ച് ബുദ്ധിമുട്ടുകളുണ്ടെന്നും ശ്രീലേഖ പറഞ്ഞു. അമ്മയ്ക്ക് 94 വയസ്സായി. വീട്ടിലാണുള്ളത്. അഞ്ചുദിവസം മാറിനിൽക്കാൻ പ്രയാസമാണ്.  സെർവന്റ് അവധിയിലാണ്. പാചകം ഏറ്റെടുക്കണം. അമ്മയുടെ പരിപാലനം ഏറ്റെടുക്കണം. വീടിന്റെ വൃത്തി വെടിപ്പ് ഏറ്റെടുക്കണം. സാധനം വാങ്ങാൻ പോകണം. അതോടൊപ്പം കൗൺസിലറുടെ ജോലിയും ചെയ്യണം. അഞ്ചുദിവസം മാറിനിൽക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് പോകാത്തത് എന്ന് താൻ പറഞ്ഞു. അതാണ് ശരിക്കുള്ള കാര്യം. ആരോടെങ്കിലും പ്രതിഷേധിച്ചോ ആരോടും അനിഷ്ടമുണ്ടായിട്ടോ നീരസം പ്രകടിപ്പിക്കാനോ ഒന്നുമല്ല പോകാത്തത്, ശ്രീലേഖ കൂട്ടിച്ചേർത്തു.

Content Highlights: r sreelekha on why she is not travelling to delhi along with thiruvananthapuram corporation councilors