'കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദിച്ചപ്പോള്‍ ധൈര്യമായി പറഞ്ഞോളൂ എന്നായിരുന്നു മറുപടി'

വി.ഡി. സതീശന്‍, പി.വി.അന്‍വര്‍ | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
വി.ഡി. സതീശന്‍, പി.വി.അന്‍വര്‍ | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തില്‍ മാപ്പ് ചോദിച്ച് പി.വി. അന്‍വര്‍. പി. ശശിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ ആരോപണം ഉന്നയിച്ചതെന്നും ഈ വിഷയത്തില്‍ സതീശനുണ്ടായ മാനഹാനിക്ക് താന്‍ കേരള സമൂഹത്തോട് മാപ്പ് ചോദിക്കുകയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. എം.എല്‍.എ. സ്ഥാനം രാജിവെക്കുന്നതായി അറിയിച്ചുള്ള രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

''ഒരുപാട് പാപഭാരം ചുമന്നാണ് നടക്കുന്നത്. അതില്‍ പ്രധാനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരേ ഉന്നയിച്ച ആരോപണമാണ്. ഇനി അത് വിശദീകരിക്കാതെ രക്ഷയില്ല. ആ ആരോപണം ഉന്നയിച്ച നിയമസഭ സമ്മേളനത്തിന്റെ തൊട്ടുമുമ്പാണ് ഇങ്ങനെയൊരു ചര്‍ച്ചവരുന്നത്. മുഖ്യമന്ത്രിക്കെതിരേ അന്ന് നിരന്തരമായ ആരോപണങ്ങള്‍ സഭയ്ക്കകത്തും പുറത്തും ഉയര്‍ന്നുവന്നിരുന്നു. അന്ന് അവരോടൊക്കെ വിദ്വേഷമുണ്ടായിരുന്നു. അതിലൊന്നും അടിസ്ഥാനമില്ലെന്നും ഒരുമനുഷ്യനെ ഒറ്റയ്ക്ക് ആക്രമിക്കുകയാണെന്നും തോന്നി. പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ് സതീശനെതിരേ ഇങ്ങനെയൊരു വിഷയമുണ്ട് അത് സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞത്. അന്ന് സഭ നേരത്തെ പിരിഞ്ഞു. അത് കഴിഞ്ഞിട്ടുള്ള സഭാസമ്മേളനത്തിലാണ് ഈ വിഷയം ഡ്രാഫ്റ്റ് ചെയ്ത് എനിക്ക് നല്‍കിയത്.

തിരഞ്ഞെടുപ്പ് സമയത്ത് 150 കോടി രൂപ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്ന് എനിക്ക് ടൈപ്പ് ചെയ്തുനല്‍കി. ഞാന്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് ആവേശമായി. 150 കോടി രൂപ കൈക്കൂലി വാങ്ങിയിട്ട് പ്രതിപക്ഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് കരുതി. ഞാന്‍ പിതാവിനെപ്പോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു മുഖ്യമന്ത്രി.

ഈ വിഷയം ഉന്നയിക്കാന്‍ പറ്റിയ വ്യക്തി ഞാനാണെന്ന് പി. ശശി തന്നെയാണ് പറഞ്ഞത്. ഞാന്‍ ആ ആരോപണം വെറുതെവിളിച്ച് പറഞ്ഞതല്ല. സ്പീക്കര്‍ക്ക് വിഷയം നല്‍കി സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിച്ചത്. അതെല്ലാം ചെയ്തുനല്‍കിയത് ശശിയാണ്. 

എന്നെ ഏല്‍പ്പിച്ച ഭാരം ഞാന്‍ പറഞ്ഞു. അവര്‍ എഴുതിതന്നത് പറഞ്ഞു. കാര്യം ശരിയല്ലേ ശശിയേട്ടാ എന്ന് ചോദിച്ചപ്പോള്‍ പൂര്‍ണമായും ശരിയാണ് എം.എല്‍.എ. ധൈര്യമായിട്ട് പറഞ്ഞോളൂ എന്നായിരുന്നു പി.ശശിയുടെ മറുപടി. പക്ഷേ, ആ ആരോപണത്തില്‍ വിജിലന്‍സ് കോടതിയില്‍ പരാതി എത്തിയതോടെ അന്വേഷണമുണ്ടായി. പ്രാഥമിക അന്വേഷണത്തില്‍ വസ്തുതയില്ലെന്ന് കണ്ടെത്തി. 

ശശി എന്നെ ലോക്ക് ചെയ്യാന്‍ അന്നുമുതലേ പ്ലാനിങ് തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നില്‍ എന്നെ ഏറ്റവും വലിയ ശത്രുവാക്കാനുള്ള ഗൂഢാലോചന അന്നുണ്ടായോ എന്ന് എനിക്കറിയില്ല. ഈ വിഷയത്തില്‍ സതീശനുണ്ടായ മാനഹാനിക്ക് ഞാന്‍ കേരള സമൂഹത്തോട് മാപ്പ് ചോദിക്കുന്നു. പ്രതിപക്ഷ നേതാവിനും കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ വിഷമത്തിന് മാപ്പ് ചോദിക്കുന്നു. മാപ്പപേക്ഷ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവിനോട് അഭ്യര്‍ഥിക്കുന്നു'', പി.വി. അന്‍വര്‍ പറഞ്ഞു. 

അജിത്കുമാറിനെതിരെയും പി.ശശിക്കെതിരേയും ആരോപണമുന്നയിച്ചത് സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തി. ''ഒരിക്കലും മുഖ്യമന്ത്രിയെ ചേര്‍ത്തുപറഞ്ഞിട്ടില്ല. അദ്ദേഹം എന്നെ തള്ളിപറയുന്നത് വരെ ഞാന്‍ മനസിലാക്കിയത് പി.ശശി, അജിത്കുമാര്‍ കോക്കസില്‍ മുഖ്യമന്ത്രി കുടുങ്ങികിടക്കുകയാണെന്നാണ്. അദ്ദേഹം ഗൗരവമായി ഇടപെടുമെന്ന് പ്രതീക്ഷിച്ചു. ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി എന്നെ ഒറ്റയടിക്ക് തള്ളിക്കളഞ്ഞു. പി.ശശിക്കെതിരേ നടത്തിയ പ്രസ്താവന അവ്യജ്ഞയോടെ തള്ളിക്കളയുകയാണെന്ന് പറഞ്ഞു. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി. പിന്നെ ഞാന്‍ നടത്തിയ അന്വേഷണത്തിലാണ് ഇതെല്ലാം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിലാണെന്ന് മനസ്സിലായത്. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുകയും ഞാന്‍ അതിന് തിരിച്ച് മറുപടി നല്‍കുകയും ചെയ്തതോടെ അതുവരെ എന്നെ പിന്തുണച്ചിരുന്ന സി.പി.എം നേതൃത്വം എന്നോട് ബന്ധവുമില്ലാതെയായി. ആരാണോ എന്നെ നിയോഗിച്ചത്, അവരെല്ലാം ഫോണ്‍ എടുക്കാതെയായി. രണ്ടുദിവസം ശ്രമിച്ചു. രണ്ടാമത്തെ ദിവസം ഫോണ്‍വിളി പൂര്‍ണമായും നിര്‍ത്തി. അവര്‍ താനുമായി ആശയവിനിമയം നടത്താന്‍ താത്പര്യപ്പെടുന്നില്ലെന്ന് മനസിലായി', പി.വി.അന്‍വര്‍ വിശദീകരിച്ചു.

Content Highlights: PV Anvar apologizes to VD Satheesan, acknowledges mistakes, seeks forgiveness.