പുതുക്കോട്ട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ; ബൈക്ക് അപകടമെന്ന് സംശയം

#സ്വന്തം ലേഖകൻ
മുഹമ്മദ്‌ ഷാഫിർ
മുഹമ്മദ്‌ ഷാഫിർ

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡിൽ വെട്ടുകാടിനു സമീപം യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിതെരുവ് സ്വദേശി മുഹമ്മദ്‌ ഷാഫിർ (30) ആണ് മരിച്ചത്. ബൈക്ക് അപകടമാണെന്നാണ് സംശയിക്കുന്നത്. സമീപത്ത് ബൈക്കും മറിഞ്ഞുകിടക്കുന്നുണ്ട്.

വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ പ്രഭാത നടത്തത്തിനിറങ്ങിയവരാണ് മുഹമദ് ഷാഫിറിനെ വീണുകിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.